മണ്ണുത്തി: പാഠപുസ്തക അറിവിനേക്കാൾ നൂതനമായ അറിവുകൾ സ്വന്തമായി കണ്ടുപിടിക്കാവുന്ന നിലയിൽ വിദ്യാർത്ഥികൾ ഉയരണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മികച്ച വിദ്യാർത്ഥികൾക്കായി കെ. രാജൻ എം.എൽ.എ സംഘടിപ്പിച്ച പ്രതിഭാസംഗമം പരിപാടി മണ്ണുത്തിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരീക്ഷാവിജയം മാത്രമല്ല, ജീവിതവിജയം കൂടി വിദ്യാർത്ഥികൾ പഠനത്തിലൂടെ ലക്ഷ്യമിടണമെന്നും സ്പീക്കർ പറഞ്ഞു. കെ. രാജൻ എം.എൽ.എ അദ്ധ്യക്ഷനായി. തൃശൂർ കോർപറേഷൻ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സംവിധായകൻ വിനയൻ, ഐ.എം. വിജയൻ, ഇസാഫ് ചെയർമാൻ പോൾ കെ. തോമസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു.

ഇരുകൈകളുമില്ലാതെ പ്ലസ് ടു പരീക്ഷയെഴുതി ഫുൾ എ വൺ നേടിയ അക്ഷയ് പരുഷോത്തമൻ, മറ്റു വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ കെ. ഐശ്വര്യ, സി.ആർ. ആര്യാകൃഷ്ണ, സായ്‌ സരോജ, ക്‌ളിന്റോ, ജോയ്‌ല ജോഷി, ആർദ്ര സത്യശീലൻ, നജ്മ ടീച്ചർ എന്നിവരെ സ്പീക്കർ ആദരിച്ചു.