rishi-raj-singh

കണ്ണൂർ/തൃശൂർ: ഇന്നലെ പുലർച്ചെ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആയുധങ്ങളും മൊബൈൽഫോണുകളും ലഹരിവസ്തുക്കളും കണ്ടെടുത്തു. വിയ്യൂർ ജയിലിൽ കഴിയുന്ന ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനി, ഷാഫി എന്നിവരിൽ നിന്ന് മൊബൈൽ ഫോണുകളും സിം കാർഡുകളും കണ്ടെടുത്തു. ജയിലിലെ എ, ബി, ഡി, ഇ-2 എന്നീ ബ്ലോക്കുകളിൽ നാലു മൊബൈൽ ഫോൺ, 13 കഞ്ചാവ് പൊതികൾ, കത്തി, അരം, കത്രിക, ബീഡി, തീപ്പെട്ടി എന്നിവ കണ്ടെത്തി.

പുലർച്ചെ അഞ്ചര മുതൽ രാവിലെ ഏഴ് വരെയായിരുന്നു റെയ്ഡ്. ഷാഫിയിൽ നിന്ന് രണ്ട് മൊബൈൽ ഫോണും നാല് സിം കാർഡും കൊടി സുനിയിൽ നിന്ന് ഒരു മൊബൈൽ ഫോണും വാസു എന്ന തടവുകാരനിൽ നിന്ന് ഒരു ഫോണുമാണ് കിട്ടിയത്. കൊടി സുനിയുടെ ഫോണിൽ സിം ഉണ്ടായിരുന്നില്ല. ജയിലിലെ മൊബൈൽ ജാമറുകൾ നശിപ്പിച്ച നിലയിലായിരുന്നു. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിർദ്ദേശമനുസരിച്ച് സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ പരിശോധന. വിയ്യൂർ, ഒല്ലൂർ, തൃശൂർ ഈസ്റ്റ് സ്‌റ്റേഷനിലെ എസ്.ഐമാരും പൊലീസ് ക്യാമ്പിലെ അമ്പതോളം പൊലീസുകാരും ഒപ്പമുണ്ടായിരുന്നു. 2014ൽ കോഴിക്കോട് ജില്ലാ ജയിലിലും 2017ൽ വിയ്യൂരിൽ ആയിരിക്കുമ്പോഴും ഷാഫിയിൽ നിന്നു മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ

ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്‌ നേരിട്ടാണ്‌ കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന നടത്തിയത്. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നു. ഒരു ജയിൽ ഉദ്യോഗസ്ഥനെപ്പോലും കൂട്ടിയില്ല. പുലർച്ചെ നാലിനു തുടങ്ങിയ റെയ്ഡ് ഏഴര വരെ തുടർന്നു. മൂന്ന് കത്തി, മൂന്ന് മൊബൈൽ ഫോൺ, സിം കാർഡ്, ബീഡി, ലഹരിവസ്തുക്കൾ എന്നിവ കണ്ടെടുത്തു.


രാവിലെതന്നെ സെൻട്രൽ ജയിൽ സൂപ്രണ്ടിനെ വിളിച്ചുവരുത്തി ചട്ടലംഘനത്തിന് വിശദീകരണം ആവശ്യപ്പെട്ട ഋഷിരാജ് സിംഗ് പിടിച്ചെടുത്ത സാധനങ്ങൾ സീൽ ചെയ്ത ശേഷം മാദ്ധ്യമങ്ങൾക്കുമുന്നിൽ പ്രദർശിപ്പിച്ചു. കണ്ണൂരിലേക്ക് ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ മദ്യം, ഭക്ഷണം, മയക്കുമരുന്ന് എന്നിവ കടത്തുന്നതായും ചില കൊലക്കേസ് പ്രതികളും മറ്റും ജയിലിൽ കിടന്ന് ക്വട്ടേഷൻ പ്രവർത്തനം നടത്തുന്നതായും ആരോപണമുയർന്നിരുന്നു. കണിച്ചുകുളങ്ങര കൊലക്കേസ് പ്രതി വിനീഷ് സ്വന്തം ചെലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ടി.വി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സൂപ്രണ്ട് എം.പി. വിനോദിനെയും രണ്ട് ഉദ്യോഗസ്ഥന്മാരെയും കഴിഞ്ഞദിവസം സസ്‌പെൻഡ്‌ ചെയ്തിരുന്നു.

 ടി.പി വധക്കേസ് പ്രതികളെ മാറ്റും

കൊടി സുനി, ഷാഫി എന്നിവരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത സാഹചര്യത്തിൽ ഇരുവരെയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു.

ഫോൺ കാളുകൾ പരിശോധിക്കും


പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ നിന്ന് പുറത്തുപോയതും വന്നതുമായ കാളുകളെക്കുറിച്ച് അന്വേഷണം നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. കഞ്ചാവ് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ ജയിലിനുള്ളിലേക്ക് എങ്ങനെ എത്തിയെന്നതിനെക്കുറിച്ചും അന്വേഷണം നടത്തും. തടവുകാരിൽ നിന്ന് നിരോധിത വസ്തുക്കൾ കണ്ടെടുത്തതു സംബന്ധിച്ച് ഇത്തവണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകില്ല. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടിയുണ്ടാകും. രാഷ്ട്രീയ തടവുകാരിൽ നിന്നു മൊബൈൽ ഫോണുകൾ കണ്ടെടുത്താലും ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന്‌ ഋഷിരാജ് സിംഗ് പറഞ്ഞു.