തൃശൂർ: ജയിലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവും മദ്യവും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത പശ്ചാത്തലത്തിൽ കർശന നടപടിക്കൊരുങ്ങി ഡി.ജി.പി ഋഷിരാജ് സിംഗ്. ഇനി മുതൽ ഇത്തരം കാര്യങ്ങൾ നടക്കില്ലെന്ന് അദ്ദേഹം തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇത്തവണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകില്ലെങ്കിലും അടുത്ത തവണ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ വിധം മാറുമെന്ന മുന്നറിയിപ്പും നൽകി. മുൻപ് നടന്ന കാര്യങ്ങൾ താൻ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി ജയിലുകളിൽ എതാനും മാസങ്ങൾക്കുള്ളിൽ വിവിധ പരിഷ്‌കാരങ്ങൾ നടപ്പിലാക്കും.
ഹൈ സെക്യൂരിറ്റി ജയിൽ
വിയ്യൂരിൽ പണി പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ ഹൈ സെക്യൂരിറ്റി ജയിൽ ജൂലായ് രണ്ടാം വാരാം പ്രവർത്തനം ആരംഭിക്കും. ഭീകരവാദികൾ, അപകടകാരികളായ തടവുകകാർ, സ്ഥിരം പ്രശ്നക്കാർ, പ്രത്യേക സുരക്ഷ ആവശ്യമുള്ളവർ എന്നിവരെ ഇവിടേക്ക് മാറ്റും.
വിഡീയോ കോൺഫറസിംഗ് സിസ്റ്റം
53 ജയിലുകളിലായി 87 സ്റ്റുഡിയോകളെയും ബന്ധപ്പെടുത്തി 383 കോടതികളെയും ബന്ധിപ്പിച്ച് വിഡിയോ കോൺഫറൻസിംഗ് സിസ്റ്റത്തിന്റെ ആദ്യഘട്ടം 30ന് മുമ്പായി പൂർത്തീകരിക്കും. ആഗസ്റ്റ് 31 ഓടെ സംവിധാനം പൂർണമായും നടപ്പാക്കും.
സി.സി.ടി.വി കാമറ
ഇരിങ്ങാലക്കുട, മുട്ടം ജയിൽ എന്നിവിടങ്ങളിൽ ഒഴികെ മറ്റെല്ലാ ജയിലുകളിലും സി.സി.ടി.വി കാമറകൾ ഉണ്ടെങ്കിലും കാര്യക്ഷമമല്ല. ഇത് പുനഃസ്ഥാപിക്കും. 427 കാമറകൾ സ്ഥാപിക്കുന്നതിനായി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സെപ്തംബർ 30നകം സംവിധാനം പൂർത്തീകരിക്കും.
ഒഴിവുകൾ നികത്തും
ജയിൽ വകുപ്പിൽ ഒഴിഞ്ഞു കിടക്കുന്ന പുരുഷ അസി. പ്രിസൺ ഓഫീസർമാരുടെ 283 തസ്തികകളും വനിതാ പ്രിസൺ ഓഫീസർമാരുടെ 27 ഒഴിവുകളും നികത്താൻ നടപടിയെടുക്കും.
ജയിൽ സന്ദർശനം
വകുപ്പ് അദ്ധ്യക്ഷൻ മാസത്തിൽ 15 ജയിൽ സ്ഥാപനങ്ങൾ സന്ദർശിക്കും. ജയിൽ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഡി.ജി.പിയെ വിളിക്കാം. ഫോൺ.9048044411
അച്ചടക്കം കർശനമാക്കും
എല്ലാ ജയിലുകളിലും അച്ചടക്കം കർശനമാക്കും. മികച്ച അച്ചടക്കം പാലിക്കുന്നവരെ എല്ലാ മാസവും തിരഞ്ഞെടുക്കും. മികച്ച സൂപ്രണ്ടിനെ ഡി.ജി.പി തിരഞ്ഞെടുക്കും.