ചാവക്കാട്: അധികൃതരുടെ അശ്രദ്ധയെ തുടർന്ന് എടക്കഴിയൂർ പഞ്ചവടി ബീച്ച് ഉപ്പുവെള്ളത്തിന്റെ ഭീഷണിയിൽ. പഞ്ചവടി ബീച്ചിലെ അറപ്പച്ചാലിൽ പലകകൾ ഇല്ലാത്തത് മൂലം കടലിൽ നിന്നുള്ള ഉപ്പുവെള്ളം കരയിലേക്ക് കയറുകയാണ്. ഇതുമൂലം മേഖലയിലെ ശുദ്ധജല സ്രോതസുകളിൽ പലയിടത്തും ഉപ്പുകലർന്നു.

വേലിയേറ്റ സമയത്ത് കടൽ കയറി ഉപ്പുവെള്ളം വ്യാപിക്കാതിരിക്കാൻ 2010ലാണ് തുറമുഖ എൻജിനീയറിംഗ് വകുപ്പ് ഏഴു ലക്ഷത്തോളം രൂപ ചെലവഴിച്ച് പുന്നയൂർ പഞ്ചായത്ത് മുഖേന പതിനാലാം വാർഡിലെ അറപ്പച്ചാലിൽ ഭിത്തി കെട്ടി നിർമ്മിച്ചത്. ചാലിലൂടെ കയറുന്ന ഉപ്പുവെള്ളം തടയാൻ പല ഭാഗത്തായി മരപ്പലകൾ ഇറക്കി വച്ചുള്ള തടയണകളും അന്നുണ്ടായിരുന്നു. എന്നാൽ ഈ പലകകൾ ഇപ്പോൾ കാണാനില്ല. കൃത്യ സമയങ്ങളിൽ തടയണകൾ അടക്കുകയും, തുറക്കുകയും ചെയ്യാതിരുന്നത് മൂലമാണ് ചാലിലൂടെ പ്രദേശത്തെ കുളങ്ങളിലേക്കും കിണറുകളിലേക്കും ഉപ്പുവെള്ളം വ്യാപിക്കാൻ പ്രധാന കാരണം. പഞ്ചായത്ത് ഭരണ സമിതി ഇടപ്പെട്ട് തടയണകൾ നിയന്ത്രിക്കാനുള്ള നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.