തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ഭരണം കുത്തഴിഞ്ഞ നിലയിൽ. പുറത്തേക്കാൾ സുഖസൗകര്യം ജയിലാണെന്നാണ് ആരോപണം. കഞ്ചാവ്, മദ്യം, മാരകായുധങ്ങൾ ഉൾപ്പെടെയുള്ളവയുടെ കേന്ദ്രമായി വിയ്യൂർ ജയിൽ മാറി. ഇന്നലെ നടന്ന പരിശോധനയിൽ 100 ഗ്രാം വീതമുള്ള 13 കഞ്ചാവ് പൊതികളാണ് കണ്ടെടുത്തത്. തടവുകാരെ കോടതികളിൽ കൊണ്ടുപോയി തിരിച്ചു വരുമ്പോഴാണ് കഞ്ചാവ് ഉൾപ്പെടെയുള്ളവ കടത്തുന്നതെന്നാണ് വിവരം. ജയിലിലേക്ക് വരുന്ന തടവുകാരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല.
കാമറകൾ നിശ്ചലം
ജയിലിലെ കാമറകൾ നിശ്ചലമാണ്. ഇന്നലെ പരിശോധനയ്‌ക്കെത്തിയ സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തിയിരുന്നു.
മൊബൈൽ ജാമർ നോക്കുകുത്തി
വിയ്യൂർ സെൻട്രൽ ജയിലിൽ 3 മൊബൈൽ ജാമറുകൾ ഉണ്ടെങ്കിലും ഒന്നും പ്രവർത്തിക്കുന്നില്ല. ജയിൽ ഉദ്യോഗസ്ഥർ തന്നെ ഇത് പ്രവർത്തന രഹിതമാക്കി വച്ചിരിക്കുകയാണെന്ന് പറയുന്നു.
കോൾ രജിസ്റ്റർ എടുക്കുന്നില്ല
രാഷ്ട്രീയ തടവുകാർ അടക്കമുള്ളവരിൽ നിന്ന് നിരവധി തവണ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും തുടർ നടപടികളുമായി കോൾ രജിസ്റ്റർ പോലും എടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
സുഖജിവീതം
ജയിലിൽ ഒരുവിഭാഗം തടവുകാർക്ക് സുഖ ജീവിതം. ചില തടവുകാരെ ജീവനക്കാർക്കും ഭയമാണ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫിയിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുക്കുന്നത് ആദ്യ സംഭവമല്ല. നേരത്തെ അടിയന്തര പരോളിൽ ഇറങ്ങിയ ഷാഫി നൃത്തം ചെയ്യുന്നത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അസുഖബാധിതനെന്ന് പറഞ്ഞായിരുന്നു ഷാഫി അന്ന് പരോളിലിറങ്ങിയത്. ജയിലിൽ വച്ച് ഷാഫി സമൂഹമാദ്ധ്യമങ്ങളിലും സജീവമായിരുന്നു. ഇത്തവണ ഷാഫിയിൽ നിന്ന് കണ്ടെടുത്തത് രണ്ട് സ്മാർട്ട് ഫോണുകളാണ്. ജയിലിൽ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഫോൺ ഉപയോഗിക്കാൻ സർവ സ്വാതന്ത്ര്യമാണ് ഷാഫിക്ക്.