ചാലക്കുടി: ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായം സംസ്ഥാനത്ത് സൃഷ്ടിക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ചാലക്കുടി എം.എൽ.എ ബി.ഡി. ദേവസിയുടെ പുരസ്‌കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ പാഠ്യപദ്ധതി ലോകത്തിൽ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്നവയാണ്. ഇതിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളവരുണ്ടാകാം. എന്നാൽ ഇതു നന്നായിരുന്നുവെന്ന് ഭാവിയിൽ അവരും പറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സണ്ണി സിൽക്ക്‌സിന്റെ സഹകരണത്തോടെ ഗോപാലകൃഷ്ണ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എം.എൽ.എ ബി.ഡി.ദേവസി അദ്ധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് ലഭിച്ച ശ്വേത കെ. സുഗതനെ അടക്കം നാല് പ്രതിഭകളെ മന്ത്രി ആദരിച്ചു. തുടർന്നുള്ള പുരസ്‌കാരങ്ങൾ ബി.ഡി. ദേവസി എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു എന്നിവരും വിതരണം ചെയ്തു. ശ്വേത സുഗതൻ ചടങ്ങിൽ സംബന്ധിച്ച വിദ്യാർത്ഥികളുമായി സംവദിച്ചു. ജി.എസ്.ടി അസി. കമ്മിഷണർ അഞ്ജന എസ്. കുമാർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ആർ. പ്രസാദൻ, ഉഷാ ശശിധരൻ, പി.പി. ബാബു, ജെനീഷ് പി. ജോസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ആർ. സുമേഷ്, സണ്ണി സിൽക്‌സ് മാനേജർ വി.പി. പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.