ഗുരുവായൂർ: അന്യം നിൽക്കുന്ന മരച്ചക്കിന് പുനർജീവനം നൽകി സഹോദരങ്ങൾ. താമരയൂർ തൈക്കാട്ടിൽ സോമനും സഹോദരൻ മോഹനനും ചേർന്നാണ് കാളയെ ഉപയോഗിച്ച് എണ്ണയാട്ടുന്ന മരച്ചക്കിന് പുനർജീവനേകുന്നത്. കഴിഞ്ഞ 50 വർഷത്തിനുള്ളിൽ കാളയെ ഉപയോഗിച്ച് എണ്ണ ആട്ടുന്ന ചക്ക് പുതിയതായി ആരും ഉണ്ടാക്കിയിട്ടില്ല. യന്ത്രത്തിലൂടെ എണ്ണ ആട്ടി എടുക്കുമ്പോൾ വെന്ത എണ്ണയാണ് ലഭിക്കുക. മരചക്കിലാട്ടുമ്പോൾ സ്വാഭാവിക എണ്ണ ലഭിക്കുമെന്നതാണ് പ്രത്യേകത.
ഗുരുവായൂരിലെ പരിസ്ഥിതി സംഘടനയായ ജീവ ഗുരുവായൂരിന്റെ രക്ഷാധികാരി കൂടിയായ പ്രകൃതി ചികിത്സകൻ ഡോ. പി.എ. രാധാകൃഷ്ണന്റെ മേൽനോട്ടത്തിലും നിർദ്ദേശപ്രകാരവുമാണ് ചക്ക് നിർമ്മിക്കുന്നത്. ഇരിങ്ങാലക്കുട കുഴിക്കാട്ടുശ്ശേരി സ്വദേശി നാടൻ പശു ക്ഷീര കർഷകനായ സുബ്രഹ്മണ്യന് വേണ്ടിയാണ് കാളച്ചക്ക് നിർമ്മിക്കുന്നത്. പൂവം എന്ന മരമാണ് ഇതിന് ഉപയോഗിക്കാറുള്ളത്. തൈക്കാട്ടിൽ കുട്ടാണിയുടെ മക്കളാണ് ഇവർ. കുട്ടാണി ആശാരി പാരമ്പര്യമായി മരച്ചക്ക് നിർമ്മിക്കുന്ന കുടുംബമാണ്. അഞ്ഞൂറിലധികം മരച്ചക്കുകൾ ഉണ്ടാക്കിയതായി ഈ കുടുംബത്തിന് ഓർമ്മയുണ്ട്.