കൊടുങ്ങല്ലൂർ: പ്രമുഖ തീർത്ഥാടന കേന്ദ്രമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ക്ഷേത്രത്തിന് സമീപത്ത് ശിവപാർവ്വതി കല്യാണമണ്ഡപത്തിന് പിറകിലായി ടോയ്ലെറ്റുകൾ നിർമ്മിക്കുന്നതിന് നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള സ്ഥലത്ത് ഏഴ് സ്റ്റീൽ മോഡുലാർ ടോയ്ലറ്റുകളാണ് നിർമ്മിക്കുന്നത്.
ഇതിന് ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കോമ്പൗണ്ടിൽ ഒരു ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിച്ചു കൊടുക്കുന്നതിന് ദേവസ്വം ബോർഡിന്റെ അനുമതിക്കായി അപേക്ഷ നൽകിയതായി ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു. 20 ടോയ്ലറ്റുകളടങ്ങിയ കോംപ്ലക്സിന് 25 ലക്ഷം രൂപയാണ് നഗരസഭ നീക്കിവച്ചത്.
അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇത് കൗൺസിൽ അംഗീകാരത്തിന് വിധേയമായി നിർമ്മിച്ച് നൽകും. നഗരസഭ പരിധിയിൽ കനോലി കനാലിന്റെ ഭാഗങ്ങൾ സംരക്ഷിക്കുന്നതിന് കായൽ തീര നിവാസികളെയും ബന്ധപ്പെട്ട പ്രദേശങ്ങളിലെ കൗൺസിലർമാരെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും മറ്റും ഉൾപ്പെടുത്തി നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന് കനോലി കനാൽ സംരക്ഷണ സമിതി വിളിച്ചു ചേർക്കും.
ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഹണി പീതാംബരൻ, മുൻചെയർമാൻ സി.സി. വിപിൻചന്ദ്രൻ, കെ.എസ്. കൈസാബ്, സി.കെ. രാമനാഥൻ, പി.എൻ. രാമദാസ്, വി.ജി. ഉണ്ണികൃഷ്ണൻ, വി.എം ജോണി, അഡ്വ. സി.പി. രമേശൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
മറ്റ് തീരുമാനങ്ങൾ ഇവ
നാരായണമംഗലം യൂണിയൻ എൽ.പി സ്കൂൾ സർക്കാരിന് കൈമാറുന്ന പക്ഷം നഗരസഭ പരിപാലന ഉത്തരവാദിത്വം നിറവേറ്റും
(സ്കൂൾ സർക്കാരിലേക്ക് കൈമാറുന്നതിന് മാനേജ്മെന്റ് സമ്മതം അറിയിച്ച് സർക്കാരിലേയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു)
കെ.എസ്.എഫ്.ഡി.സിയുടെ തിയേറ്റർ നിർമ്മാണ പദ്ധതിക്ക് ശിൽപ്പി തിയേറ്റർ പ്രവർത്തിക്കുന്ന സ്ഥലം (വ്യവസ്ഥകൾക്ക് വിധേയമായി) വിട്ടുകൊടുക്കുന്നതിന് സർക്കാരിന് അപേക്ഷ സമർപ്പിക്കും.
കോട്ടപ്പുറം മാർക്കറ്റ് ആധുനികവത്കരിക്കാനും ഫിഷ് മാർക്കറ്റ് നിർമ്മിക്കാനും വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ ടെൻഡർ
മേത്തല വില്ലേജിൽ 350.95 ചതുരശ്ര മീറ്ററിൽ നിർമ്മിച്ചിട്ടുള്ള മുസ്ലിം ദേവാലയവും ചേർന്നുള്ള 11 9.45 ചതുരശ്ര മീറ്റർ റസിഡൻഷ്യൽ കെട്ടിടവും ക്രമവത്കരിക്കാൻ കളക്ടറുടെ അനുമതിക്കായി അയക്കും..