തൃശൂർ : വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് തൃശൂർ പൂരം അടക്കം നടക്കുന്ന ആഘോഷങ്ങൾക്ക് തടസമാവുന്ന രീതിയിൽ നിർമ്മാണ പ്രവർത്തനം നടത്താനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ നീക്കം അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി. പദ്ധതി നടപ്പിലാക്കുന്നതിനായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരം പദ്ധതിക്കായി റിപ്പോർട്ട് നൽകുന്നതിനായി ദേവസ്വം ഓംബുഡ്‌സ്മാൻ എത്തിയപ്പോഴാണ് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരൻ ,ജില്ലാ ജനറൽ സെക്രട്ടറി കെ. കേശവദാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം അറിയിച്ചത്. വേണ്ടിവന്നാൽ കേസിൽ കക്ഷി ചേരാനും ഹിന്ദു ഐക്യവേദി തയ്യാറാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഓംബുഡ്‌സ്മാന്റെയും കൊച്ചിൻ ദേവസ്വം ബോർഡ് ഭാരവാഹികളുടെയും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെയും പൊതുജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ഇത് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടു...