ചാവക്കാട്: ചേറ്റുവ അഴിമുഖത്ത് നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ പുത്തൻ കടപ്പുറം സ്വദേശി ആലിപ്പരി ഉണ്ണിമോന്റെ ഉടമസ്ഥതയിലുള്ള ഭഗവതി എന്ന വള്ളം തിരമാലയിൽപെട്ട് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. കൊല്ലം കരുനാഗപ്പള്ളി സുരേഷ് കുമാർ (46 ), പുത്തൻകടപ്പുറം പണിക്കൻ സുബ്രഹ്മണ്യൻ (54 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. അപകടത്തിൽ സുരേഷ് കുമാറിന്റെ വലതുകാലിന്റെ എല്ല് പൊട്ടുകയും, സുബ്രഹ്മണ്യന്റെ നെറ്റി പൊട്ടുകയും ചെയ്തു. അഴിമുഖത്തിന് പടിഞ്ഞാറ് വെച്ച് ശക്തമായ തിരയിൽ ഇരുവരും കടലിലേക്ക് തെറിച്ചുപോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ ഇവരെ കരയ്ക്കെത്തിച്ച് ഉടനടി മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ചാവക്കാട് നഗരസഭ വികസന സമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സലാം, നഗരസഭാ മുൻ ചെയർമാൻ എം.ആർ. രാധാകൃഷ്ണൻ, മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ടി.എം ഹനീഫ, കെ.എം. അലി എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു...