തൃശൂർ: ടി.പി വധക്കേസ് പ്രതികൾ വിയ്യൂർ ജയിലിൽ നിന്ന് ഫോണിൽ ഇടപാട് നടത്തിയിരുന്നത് കണ്ണൂരിലെ ഗുണ്ടാ, ക്വട്ടേഷൻ സംഘങ്ങളുമായാണെന്ന് സൂചന. സാമ്പത്തിക ഇടപാടുകൾ പറഞ്ഞുറപ്പിക്കുന്നതും ബിസിനസുകാരെയും മറ്റും ഭീഷണിപ്പെടുത്തി ഫണ്ട് സ്വരൂപിക്കുന്നതും ഈ ഫോൺ വിളികളിലൂടെ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മുഹമ്മദ് ഷാഫിയിൽ നിന്നും പിടിച്ചെടുത്ത നാല് സിം കാർഡുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം കൂടുതൽ വെളിപ്പെടും. ആറുമാസത്തിനിടയിൽ ആരെയൊക്കെ വിളിച്ചെന്നും തിരികെ വന്ന വിളികൾ ആരുടെതെന്നും അറിഞ്ഞാൽ പല കേസുകൾക്കും തുമ്പുണ്ടായേക്കും.
അതേസമയം, തടവുകാർക്ക് ഒത്താശ നൽകുന്നത് ചില ജീവനക്കാർ തന്നെയാണെന്നാണ് വിവരം. ഫോൺവിളി വിശദാംശങ്ങൾ കണ്ടെത്താനായാൽ സുനിക്കും ഷാഫിക്കും ലഭിക്കുന്ന ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ സഹായം സംബന്ധിച്ച വിവരങ്ങളും വെളിപ്പെടും. ഫോൺ ചാർജ് ചെയ്ത് ജയിലിനുള്ളിലെത്തിക്കുന്നവർ വരെ ജീവനക്കാരിലുണ്ടെന്നും ആക്ഷേപമുണ്ട്. ശനിയാഴ്ചത്തെ പരിശോധനയിൽ ഉദ്യോഗസ്ഥരുടെ പേരിൽ തത്കാലം നടപടിയുണ്ടാവില്ലെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞെങ്കിലും ഇനി ഫോണുകളും മറ്റും ജയിലിൽ നിന്ന് കണ്ടെടുത്താൽ കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കും. രാഷ്ട്രീയക്കേസുകളിലെ സ്ഥിരം കുറ്റവാളികളിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുക്കുന്നത് ഗുരുതര പ്രശ്‌നമായി കാണുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ടി.പി കേസ് പ്രതികളിൽ നിന്ന് വിയ്യൂർ ജയിലിലായിരിക്കെ തന്നെ രണ്ടുവട്ടം മൊബൈൽ ഫോണുകൾ പിടികൂടിയിട്ടുണ്ട്. അപ്പോഴും സിം കാർഡുകളുടെ വിദഗ്ദ്ധ പരിശോധന നടന്നിരുന്നില്ല. ഇവർക്ക് ജയിലിൽ ലഭിക്കുന്ന സുഖസൗകര്യങ്ങളും ജയിലിൽ വെച്ച് ആസൂത്രണം ചെയ്യുന്ന കുറ്റകൃത്യങ്ങളുമെല്ലാം പുറത്തറിയാതിരിക്കാൻ നേതാക്കളുടെ ഇടപെടലുണ്ടായി എന്നതും വ്യക്തമായിരുന്നു

പിന്നിൽ ജീവനക്കാർ തന്നെ !

മൂന്ന് രീതിയിൽ പരിശോധന നടക്കുമ്പോഴും ഫോണുകളും ലഹരിവസ്തുക്കളും സെല്ലുകളിലെത്തുന്നതിന് പിന്നിൽ ജീവനക്കാരുടെ പങ്കാളിത്തം വെളിപ്പെടുകയാണ്.. ആ പരിശോധനകളിതാ....

1. വസ്ത്രങ്ങളെല്ലാം അഴിച്ചു പരിശോധിപ്പിച്ചാണ് തടവുകാരെ ജയിലിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്.

2. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നവരെയും തിരികെ എത്തുമ്പോൾ പരിശോധിക്കും.

3. ഹാൻഡ് മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സംവിധാനങ്ങളോടെ പരിശോധിച്ചാൽ മൊബൈൽ ഫോൺ ഉണ്ടെങ്കിൽ തിരിച്ചറിയാം

4. ജാമറിനും അള്ള് വയ്ക്കുന്നു

മൊബൈൽ ജാമർ പ്രവർത്തിപ്പിച്ചാൽ തടവുകാർ പിന്നെ മൊബൈൽ തേടിപ്പോകില്ല. തടവുകാർ കഴിയുന്ന നിശ്ചിതപരിധിയിൽ ജാമർ അനിവാര്യമാണ്. ജയിൽ ജീവനക്കാർക്ക് ജയിലിന് പുറത്ത് വെച്ച് ഫോൺ ചെയ്യാനാകും. തടവുകാർക്ക് ഒത്താശ ചെയ്യുന്ന ജീവനക്കാർ തന്നെയാണ് ജാമർ പ്രവർത്തിപ്പിക്കാത്തതിന് പിന്നിലെന്നാണ് ആക്ഷേപം.

.

പിടിപാടുള്ള കുറ്റവാളികൾക്ക് 'സല്യൂട്ട്'

രാഷ്ട്രീയബന്ധമുള്ള തടവുകാർ എന്തു ചെയ്താലും എന്തെല്ലാം ഉപയോഗിച്ചാലും കണ്ടില്ലെന്ന് നടിക്കുന്ന ജീവനക്കാരുമുണ്ട്. അവർക്കെതിരെ എന്തെങ്കിലും ശബ്ദിച്ചാലോ നടപടി എടുത്താലോ ഉടൻ ഉന്നതങ്ങളിൽ നിന്ന് വിളി വരും. അതുകൊണ്ടുതന്നെയാണ് പല തടവുകാരുടെയും നിയമലംഘനങ്ങൾ സൗകര്യപൂർവ്വം അവർ കാണാതിരിക്കുന്നതും. കൊടി സുനി സെല്ലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യം കാമറയിൽ പകർത്താൻ ശ്രമിച്ചതിന് വാർഡർക്ക് നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ടായിരുന്നു.