തൃശൂർ: ആയുർവേദ ഔഷധ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി അടുത്തവർഷം ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ 10 ലക്ഷം ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കണമെന്ന നിർദ്ദേശം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് വ്യാപാര വ്യവസായി സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി പറഞ്ഞു. ആയുർവേദിക് മെഡിസിൻ മാനുഫാക്ച്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യാ തൃശൂർ-പാലക്കാട് ജില്ലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി ഡോ.ഡി. രാമനാഥൻ അദ്ധ്യക്ഷനായി. ഔഷധ സസ്യകൃഷിയുടെ വ്യാപനത്തിനായി മറ്റത്തൂർ ലേബർ സൊസൈറ്റിയുടെ മാതൃക പിന്തുണർന്ന് മറ്റു സ്ഥലങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കണമെന്നും ആയുർവേദത്തിനെതിരായ ദുഷ് പ്രചരണം അവസാനിപ്പിക്കുവാൻ മരുന്നുകളെ കുറിച്ച് പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ഡോ.ആദിത്യ പീതാംബരപണിക്കർ ക്ലാസെടുത്തു. ഓൺലൈൻ വ്യാപാര വികസനസാദ്ധ്യതകളെക്കുറിച്ച് കെ.പി .മോഹനകൃഷ്ണൻ വിശദീകരിച്ചു. വൈദ്യരത്നം ഔഷധശാല പ്രതിനിധി ഗോകുൽദാസ് പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ജോയിച്ചൻ കെ. എരിഞ്ഞേരി സ്വാഗതവും മാനേജർ വി.എം. സുരേഷ് നന്ദിയും പറഞ്ഞു...