ഒല്ലൂർ: കനത്ത മഴയെ തുടർന്ന് വെട്ടുകാട് മാന്ദാമംഗലം റോഡിലെ പുത്തൻകാടിന് സമീപം റോഡ് തകർന്നു. പണി നടന്നുകൊണ്ടിരിക്കുന്ന ഇവിടെ നാലാം തവണയാണ് റോഡ് ഇടിയുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഇവിടെ സോയിൽ പൈപ്പിംഗ് രൂപപ്പെടുകയും തുടർന്ന് റോഡിന്റെ പകുതിഭാഗം തകരുകയും ചെയ്തിരുന്നു. ശേഷം ഒരു മാസത്തോളം ബസ് സർവീസ് നിറുത്തുകയും പിന്നീട് ഭാഗികമായി തുറന്നു കൊടുക്കുകയുമായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം റോഡ് പണി തുടങ്ങുകയും എന്നാൽ പണി നടക്കുന്നതിനിടയിൽ പലപ്പോഴും റോഡ് തകരുകയുമായിരുന്നു. സ്ഥിരമായി തകരുന്ന ഭാഗത്ത് ഇരുമ്പു പാളികൾ വച്ച് മണ്ണിടിച്ചിൽ തടഞ്ഞിരുന്നു. എന്നാൽ കനത്ത മഴ മൂലം ഇപ്പോൾ വീണ്ടും പണിത ഭാഗങ്ങൾ ഇടിയുകയാണ്. ഞായറാഴ്ച രാവിലെ മുതൽ ഇതുവഴിയുള്ള ബസ് സർവീസ് നിറുത്തിയിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് പഞ്ചായത്തിൽ സർവകക്ഷി യോഗം വിളിച്ചെങ്കിലും സ്ഥലം എം.എൽ.എയെ യോഗത്തിന് വിളിക്കാത്തതിനാൽ കോൺഗ്രസ് യോഗം ബഹിഷ്കരിച്ചു. സ്ഥിരമായുണ്ടായുണ്ടാകുന്ന മണ്ണിടിച്ചിലിലും വാഹനഗതാഗതം തടസപ്പെടുന്നതിലും ജനങ്ങൾ ആശങ്കയിലാണ്...