തൃശൂർ : പ്രളയത്തിൽ തകർന്ന വീട് പുനർ നിർമ്മിക്കുന്നതിനിടയിൽ വീടിന് മുകളിൽ മരം വീണു. പാട്ടുരായ്ക്കൽ മൂന്നാം ഡിവിഷനിൽ പെരിങ്ങാവിൽ കട്ടളത്ത് സുരേഷിന്റെ വീടിന് മുകളിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മരം വീണ് നാശനഷ്ടം സംഭവിച്ചത്. കഴിഞ്ഞ പ്രളയക്കെടുതിയിൽ സുരേഷിന്റെ വീട്ടിൽ വെള്ളം കയറി കനത്ത നാശം സംഭവിച്ചിരുന്നു.
കൈയിലുള്ള പണവും കടം വാങ്ങിയും സർക്കാരിന്റെ ധനസഹായവും കൂട്ടി വീട് പുനർനിർമ്മിച്ചു വരുന്നതിനിടയാണ് തൊട്ടടുത്ത പറമ്പിലെ മരം വീണ് വീടിന് ഭാഗികമായി കേടുപാട് സംഭവിച്ചത്.
ഡിവിഷൻ കൗൺസിലർ ജോൺ ഡാനിയേൽ സ്ഥലം സന്ദർശിച്ചു. സംഭവം കളക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കൗൺസിലർ ജോൺ ഡാനിയേൽ അറിയിച്ചു. മരം വീണ് തൊട്ടടുത്ത ബാബുവിന്റെ വീടിനും ബേബി, സുരേഷ് എന്നിവരുടെ വർക്‌ഷോപ്പുകൾക്കും കേടുപാടുണ്ടായി..