കൊടുങ്ങല്ലൂർ: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാദരം 2019 വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.കെ. ഗോപിനാഥൻ ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ടി.ബി. ജിനി റിപ്പോർട്ടും ഗണിത ശാസ്ത്രജ്ഞൻ ടി.എൻ. രാമചന്ദ്രൻ മുഖ്യപ്രഭാഷണവും നടത്തി. സുവർണ ജൂബിലി വർഷത്തിൽ വിദ്യാഭ്യാസ, ആരോഗ്യ കാർഷിക മേഖലകളിൽ ബാങ്ക് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ സംബന്ധിച്ച് ടെക്നിക്കൽ ഡയറക്ടർ ആർ.എ. മുരുകേശൻ വിശദീകരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള ബാങ്കിന്റെ പുരസ്കാരം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലിയും കെയർ ഹോം പദ്ധതി പ്രകാരം ബാങ്ക് പണിതീർത്ത വീടുകളുടെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡഡന്റ് ഇ.ജി. സുരേന്ദ്രനും സമ്മാനിച്ചു. എൽ.എസ്.എസ് - യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി.കെ.ഗീത അനുമോദിച്ചു. മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടിയ 145 വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകളും മെമന്റോയും ഹരിതം സഹകരണ പദ്ധതി പ്രകാരം കശുമാവിൻ തൈകളും വിതരണം ചെയ്തു. സുവർണ്ണ ജയശങ്കർ, നൗഷാദ് കൈതവളപ്പിൽ, ബി.ജി. വിഷ്ണു, എം.എ. വിജയൻ, ലൈന അനിൽ, കെ.വി അജിത് കുമാർ, സിന്ധു രവീന്ദ്രൻ, ബാങ്ക് വൈസ് പ്രസിഡന്റ് കെ.ക. സജീവൻ എന്നിവർ സംസാരിച്ചു.