കൊടുങ്ങല്ലൂർ: കയ്പമംഗലം നിയോജക മണ്ഡലത്തിന്റെ തീരദേശത്ത് കടലാക്രമണം ശക്തമായ പ്രദേശങ്ങളിൽ ജിയോ ട്യൂബ് സംവിധാനം നിരത്താൻ തുടങ്ങി. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിൽ കടലാക്രമണം നടന്ന നാലിടങ്ങളിലാണ് ജിയോ ട്യൂബ് സംവിധാനം പരീക്ഷിക്കുന്നത്. പോളിപെപ്പിൻ നിർമ്മിതമെന്ന് പറയുന്ന വലിയ ബാഗുകളിൽ മണ്ണ് നിറച്ച് തുന്നിക്കെട്ടി, ഇവ നിരത്തിവച്ചുണ്ടാക്കുന്ന തടയണയാണ് ജിയോ ട്യൂബ് സംവിധാനം. നാല് മീറ്റർ വീതിയിലും, രണ്ട് മീറ്റർ ഉയരത്തിലും നിർമ്മിക്കുന്ന ഈ തടയണ ഫാബ്രിക് ഫിൽറ്റർ കൊണ്ട് പൊതിയും. സാധാരണ ഗതിയിൽ പത്ത് വർഷം വരെ ജിയോട്യൂബിന് ആയുസുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. കാലാവസ്ഥയുടെയും പ്രദേശത്തിന്റെയും സ്വഭാവമനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിൽ വരാം. നാൽപ്പത്തി ഒന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഈ പ്രവൃത്തി നടത്തുന്നത്...