കൊടുങ്ങല്ലൂർ: കടലാക്രമണം ദുരിതം വിതച്ച തീരദേശത്തെ, കടലേറ്റത്തിൽ നിന്നും സംരക്ഷിക്കാൻ ആരംഭിച്ചിട്ടുള്ള തടയണ നിർമ്മാണത്തിന് ആവേശം പകർന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരുമെത്തി. തൃശൂർ ചിന്മയ കോളേജിലെ യുവകേന്ദ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ നൂറ്റി ഇരുപതോളം വിദ്യാർത്ഥികളാണ് തീരദേശത്ത് തടയണ ഒരുക്കാൻ ഭാഗഭാക്കായത്.

കോളേജ് പ്രിൻസിപ്പാൾ കെ. കൃഷ്ണകുമാർ, അദ്ധ്യാപകരായ മധു, മധുസൂദനൻ, പ്രശാന്ത്, അനൂപ്, മനോജ്, റിൻസൻ എന്നിവരും വിദ്യാത്ഥികൾക്കൊപ്പം തടയണ നിർമ്മാണത്തിൽ അണിചേർന്നു. എറിയാട് പഞ്ചായത്തിലെ പേബസാർ കടപ്പുറത്താണിവർ താത്കാലിക തടയണ നിർമ്മിച്ചത്. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. വി.എ സബാഹ്, അംബിക ശിവപ്രിയൻ, പഞ്ചായത്തംഗങ്ങളായ എം.കെ. സിദ്ദിഖ്, ജിജി സാബു, വാർഡ് വികസന സമിതി കൺവീനർ ടി.പി. റഹിം, പി.എം. നൂറുദ്ദീൻ എന്നിവർ സന്നദ്ധ പ്രവർത്തകർക്ക് പിന്തുണയുമായെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, കേരള മഹിളാ സംഘം എന്നിവയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് പ്രവർത്തകർ തീരദേശത്തെത്തി തടയണ നിർമ്മാണത്തിൽ പങ്കാളികളായി. ഇതേസമയം തീരദേശത്തെ താത്കാലിക തടയണ നിർമ്മാണത്തിന് പിന്തുണയേകി, ചേരമാൻ മഹല്ല് കമ്മിറ്റി എറിയാട് പഞ്ചായത്തിന് ധനസഹായം കൈമാറി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ മഹല്ല് സെക്രട്ടറി എസ്.എ അബ്ദുൾ കയ്യും, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന് ഫണ്ട് കൈമാറി. മഹല്ല് അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.എ സബാഹ്, മെമ്പർ എ.കെ. അബ്ദുൾ അസീസ് തുടങ്ങിയവർ സന്നിഹിതരായി..