kodi-suni

തൃശൂർ : മൊബൈൽ ഫോണും കഞ്ചാവും പിടിച്ചെടുത്തതിന് പിന്നാലെ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫിയെയും കൊടി സുനിയെയും വിയ്യൂരിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇവരോടൊപ്പം വാസു എന്ന തടവുകാരനെയും പൂജപ്പുരയിലേക്ക് മാറ്റിയിട്ടുണ്ട്. ഇനി ടി.പി കേസിലെ കിർമ്മാണി മനോജ്, സിനോജ് എന്നിവരാണ് വിയ്യൂർ ജയിലിൽ ഉള്ളത്. ശനിയാഴ്ച്ച പുലർച്ചെയാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീശ് ചന്ദ്രയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഷാഫിയിൽ നിന്ന് രണ്ട് മൊബൈലുകളും കൊടി സുനിയിൽ നിന്ന് ചാർജറടക്കം ഒരു ഫോണും പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് ജയിലിലെത്തിയ ഡി.ജി.പി ഋഷിരാജ് സിംഗ് മൂന്നു പേരെയും പൂജപ്പുരയിലേക്ക് മാറ്റുമെന്ന് അറിയിച്ചിരുന്നു. കനത്ത സുരക്ഷയിലാണ് ഇവരെ കൊണ്ടുപോയത്. നേരത്തെ കേസിലെ രണ്ട് പ്രതികളായ ട്രൗസർ മനോജ്, അണ്ണൻ സിജിത്ത് എന്നിവരെ പൂജപ്പുരയിലേക്ക് മാറ്റിയിരുന്നു. മൊബൈൽ ഫോൺ പിടിച്ചതുമായുള്ള അന്വേഷണം വിയ്യൂർ പൊലീസ് നടത്തി വരികയാണ്.