കൊടുങ്ങല്ലൂർ: വസ്തു രജിസ്‌ട്രേഷൻ ചട്ടങ്ങൾ അവഗണിച്ചെന്ന പരാതിയിൽ അന്വേഷണത്തിനും തെളിവെടുപ്പിനുമൊടുവിൽ കൊടുങ്ങല്ലൂർ സബ് രജിസ്ട്രാർ ജവഹറിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. പ്രായാധിക്യത്താൽ കിടപ്പിലായ സൈനബയെന്ന വീട്ടമ്മയുടെ വസ്തു രജിസ്‌ട്രേഷൻ വാസസ്ഥലത്തെത്തി, രജിസ്റ്റർ ചെയ്യുന്നതിന് ഏജൻസി മുഖാന്തിരം അപേക്ഷ സമർപ്പിച്ചിട്ടും അവഗണിച്ച്, പിന്നീട് വീട്ടമ്മ മരണപ്പെട്ടതിനാൽ ആ രജിസ്‌ട്രേഷൻ തന്നെ മുടങ്ങിയത് സംബന്ധിച്ച പരാതിയിലായിരുന്നു അന്വേഷണം. ഇവരുടെ വസ്തു വാങ്ങാൻ തീരുമാനിച്ചിരുന്ന നസീമയെന്ന വീട്ടമ്മയാണ്, മന്ത്രി ജി. സുധാകരന് പരാതി നൽകിയത്. തുടർന്ന് രജിസ്‌ട്രേഷൻ ഡി.ഐ.ജി വേണുഗോപാൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി. ആധാരമെഴുത്ത് സംഘടനയ്ക്കായി ആൾ കേരള റൈറ്റേഴ്‌സ് ആൻഡ് സ്‌ക്രൈബ്‌സ് അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി കൂടിയായ മുൻ സംസ്ഥാന പ്രസിഡന്റ് ഒ.എം ദിനകരൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. പൊതുജനങ്ങളെയും ആധാരം എഴുത്തുകാരെയും മനപൂർവ്വം ബുദ്ധിമുട്ടിക്കുന്നുവെന്നും ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്യുന്നുവെന്നും മറ്റും ആരോപിച്ച് ഈ ഉദ്യോഗസ്ഥനെതിരെ റൈറ്റേഴ്‌സ് ആൻഡ് സ്‌ക്രൈബ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ യൂണിറ്റും പരാതി നൽകിയിരുന്നു. ഹെഡ് ക്‌ളാർക്കിനാണ് ഇനി സബ് രജിസ്ട്രാറുടെ ചുമതല.