ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് (എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പിളർപ്പിലേക്ക്. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്റെ അദ്ധ്യക്ഷതയിൽ റെസ്റ്റ് ഹൗസിൽ ചേർന്ന ജനറൽ ബോഡി യോഗം ജോസഫ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ ജില്ലാ സെക്രട്ടറി ടി.കെ വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ പ്രിയാ ഹാളിൽ നടന്ന യോഗം ജോസ് കെ. മാണിക്ക് പിന്തുണ പ്രഖ്യാപിച്ചു. ജോസ് കെ. മാണി വിഭാഗം റോക്കി ആളൂക്കാരനെ പുറത്താക്കി നിയോജകമണ്ഡലം പ്രസിഡന്റായി ഇ.വി ആന്റോയെ തിരഞ്ഞെടുത്തു. റെസ്റ്റ് ഹൗസിൽ ചേർന്ന ജോസഫ് വിഭാഗം യോഗം മുൻ എം.എൽ.എയും കേരള കോൺഗ്രസ് ഹൈപവർ കമ്മിറ്റിയംഗവുമായ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. സി.എഫ് തോമസ് ചെയർമാനും പി.ജെ ജോസഫ് വർക്കിംഗ് ചെയർമാനുമായ ഔദ്യോഗിക കേരള കോൺഗ്രസ് എമ്മിന് പിന്തുണ പ്രഖ്യാപിച്ച് യോഗം പ്രമേയം പാസ്സാക്കി. നിയോജകമണ്ഡലം കമ്മിറ്റിയിലെ 56 പേരിൽ 50 പേരും ഒമ്പത് മണ്ഡലം പ്രസിഡന്റുമാരിൽ ഏഴുപേരും തങ്ങളോടൊപ്പമാണെന്ന് ഇവർ അവകാശപ്പെട്ടു. ആറ് നിയോജകമണ്ഡലം ഭാരവാഹികളിൽ അഞ്ചുപേരും അഞ്ചു സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽ നാലുപേരും യോഗത്തിൽ പങ്കെടുത്തതായി നേതാക്കൾ അവകാശപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ജോൺസൺ കാഞ്ഞിരത്തിങ്കൽ, മിനി മോഹൻദാസ്, സിജോയ് തോമസ്, ഷൈനി ജോജോ, ശിവരാമൻ കൊല്ലംപറമ്പിൽ, ജോസ് ചെമ്പകശ്ശേരി, വർഗ്ഗീസ് മാവേലി, കെ. സതീശൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രിയാ ഹാളിൽ ചേർന്ന യോഗം കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി മാത്യൂ കാവുങ്കൽ ഉദ്ഘാടനം ചെയ്തു. ഉണ്ണിയാടനും സി.വി കുര്യാക്കോസുമടക്കമുള്ളവർ പാർട്ടിയെ വഞ്ചിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജു ആന്റണി, ജൂലിയസ് ആന്റണി, കാറളം പഞ്ചായത്തംഗം കെ.ബി. ഷെമീർ, പി.ആർ. സുശീലൻ, എം.കെ. ജോളി, ഡേവിസ് ചക്കാലയ്ക്കൽ, അഡ്വ. ജിജോ, വിജി സി.എസ്. തുടങ്ങിയവർ പങ്കെടുത്തു. നിയോജകമണ്ഡലം എക്‌സിക്യുട്ടീവ് അംഗങ്ങളിലെ 35 പേരിൽ 22 പേരും തങ്ങളോടൊപ്പമാണെന്ന് ഇവർ അവകാശപ്പെട്ടു.