തൃശൂർ: ലളിതമായ നടപടിക്രമങ്ങളിലൂടെ, കുറഞ്ഞ ചെലവിൽ വേഗത്തിൽ ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്ന ജില്ലാ ഉപഭോക്തൃ കോടതിയിൽ ആറുമാസമായി അംഗങ്ങളില്ല. കഴിഞ്ഞ വർഷം ഡിസംബർ 22ന് വിരമിച്ചതാണ് രണ്ട് അംഗങ്ങൾ. ഇതിനുശേഷം 400 ഓളം കേസുകൾ പുതുതായി ഫയൽ ചെയ്തു. അംഗങ്ങളുടെ അസാന്നിദ്ധ്യത്തിൽ എല്ലാ ദിവസവും ജഡ്ജി എല്ലാ ദിവസവും കോടതിയിലെത്തും. പുതിയ കേസുകൾ ഫയലിൽ സ്വീകരിക്കും. ജഡ്ജിയും ഒരു അംഗവുമുണ്ടെങ്കിൽ മാത്രമേ സിറ്റിംഗ് നടത്തി വിധി പറയാനാകൂ. ജഡ്ജി മാത്രം പറയുന്ന വിധിക്ക് നിയമസാധുതയില്ല. എങ്കിലും ചില താത്കാലിക സ്റ്റേ ഉത്തരവുകളിൽ ജഡ്ജി ഒപ്പുവയ്ക്കുന്നുണ്ട്. ഇത് മേൽക്കോടതിയിൽ ചോദ്യം ചെയ്യാമെങ്കിലും ആരും ഇതുവരെ ഇതിന് തുനിഞ്ഞിട്ടില്ല.
പുതുതായി സ്വീകരിച്ച കേസുകൾക്ക് പുറമെ പഴയ നിരവധി കേസുകളും വിധി കാത്തു കിടപ്പുണ്ട്. മെഡിക്കൽ കേസുകളുടെ നടപടിക്രമങ്ങൾ പൂർത്തിയാവാൻ കാലതാമസം വരുമെന്നതൊഴിച്ചാൽ മറ്റു പരാതികൾ വേഗത്തിൽ തീർപ്പാക്കിയിരുന്നു. കേസുകളിൽ വിധിന്യായം മുടങ്ങുന്നത് പരാതിക്കാർക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഒഴിവ് വരുന്നതിന് മൂന്നുമാസം മുമ്പ് മുതൽ പുതിയ ആളെ നിയമിക്കാനുള്ള നടപടികൾ ആരംഭിക്കാം. അങ്ങനെയെങ്കിൽ ഒഴിവുവന്നാൽ തൊട്ടടുത്ത ദിവസം തന്നെ അടുത്തയാൾക്ക് ചുമതലയേൽക്കാം. സംസ്ഥാനത്തെ മിക്ക ഉപഭോക്തൃ കോടതികളുടെയും പ്രവർത്തനം ഇപ്പോൾ നിശ്ചലാവസ്ഥയിലാണ്. ഉടൻ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന. ഭരിക്കുന്ന പാർട്ടിയുമായി ബന്ധപ്പെട്ട ആൾക്കാരാണ് അംഗങ്ങളുടെ കസേരയിൽ എത്താറ്.
ഉപഭോക്തൃ കോടതികൾ
കച്ചവട സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, സേവനദാതാക്കൾ, ഇൻഷ്വറൻസ് തുടങ്ങിയവയിൽ നിന്ന് അർഹതപ്പെട്ട സേവനങ്ങൾ ലഭ്യമാവാതിരിക്കുകയോ കഷ്ടനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്ത കേസുകളാണ് കോടതിക്ക് മുന്നിലെത്തുക. സാധനങ്ങളുടെ മൂല്യവും നഷ്ടപരിഹാരവും ചേർത്ത് 20 ലക്ഷം രൂപ കവിയാത്ത പരാതികൾ ജില്ലാ ഉപഭോക്തൃ കോടതിയിൽ സമർപ്പിക്കാം. ഒരു കോടി വരെയുള്ളവ സംസ്ഥാന കമ്മിഷനിലും ഇതിന് മുകളിൽ ദേശീയ കമ്മിഷനിലുമാണ് പരാതി നൽകേണ്ടത്. ഹൈക്കോടതിയിൽ നിന്ന് വിരമിക്കുന്ന ജഡ്ജിയാണ് സംസ്ഥാന കമ്മിഷനിൽ പ്രസിഡന്റാകുന്നത്. സംസ്ഥാന പ്രസിഡന്റ് ചെയർമാനായ സമിതിയാണ് ജില്ലാതല നിയമനങ്ങൾക്കായി അഭിമുഖം നടത്തേണ്ടത്. അവിടെ തെരഞ്ഞെടുക്കുന്ന പാനലിൽ നിന്ന് സർക്കാർ നിയമനം നടത്തും.
ഒരു വർഷം ഫയൽ ചെയ്ത ശരാശരി കേസുകളുടെ എണ്ണം 700..