peechi
പീച്ചി സർക്കാർ ആശുപത്രി

പീച്ചി: മുഴുവൻ മുറികളും ചോർന്നൊലിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിൽ പീച്ചി സർക്കാർ ആശുപത്രി. കനത്ത മഴ പെയ്താൽ രോഗികൾക്കും ജീവനക്കാർക്കും ആശുപത്രിയിൽ കുടചൂടി നിൽക്കേണ്ട അവസ്ഥയായി. പേരിനുപോലും ഇവിടെ നഴ്സില്ല. ഒരു ഡോക്ടറും ഒരു ഫാർമസിസ്റ്റും മാത്രമാണുളളത്. ചികിത്സക്കെത്തിയ രോഗിക്കോ കൂടെയുള്ളവർക്കോ പ്രാഥമിക കാര്യം നിർവഹിക്കാനുള്ള ശൗചാലയം പൊട്ടിപ്പൊളിഞ്ഞ് കിടപ്പാണ്.
പീച്ചി, പട്ടിലുംകുഴി, ചളികുഴി, വിലങ്ങന്നൂർ, മൈലാട്ടുംപാറ, താമരവെളളച്ചാൽ ആദിവാസി കോളനി തുടങ്ങിയ പ്രദേശത്തെ ആയിരക്കണക്കിന് രോഗികളുടെ ആശ്രയമാണ് ആശുപത്രി. മുൻകാലങ്ങളിൽ ഈ ആശുപത്രിയിൽ കിടത്തി ചികിത്സയുണ്ടായിരുന്നു.
പീച്ചി സർക്കാർ ആശുപത്രിക്കു കെട്ടിടം നിർമ്മിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭത്തിനും ഭീമഹർജിയിലേക്ക് ഒപ്പുശേഖരണത്തിനും തുടക്കം കുറിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ആദ്യപടിയായി ഭീമഹർജിയിലേക്ക് ഒപ്പുശേഖരണം തുടങ്ങി. ഡി.സി.സി. ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബുപോൾ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബാബു തോമാസ്, കെ.പി. എൽദോസ്, മനോജ് കെ.എം, ജിഷ വാസു, ഷൈജു കുരിയൻ, സി.എ. ആന്റണി, വിനോദ് തോടുംപറമ്പിൽ, ടി.യു. കുര്യൻ, തങ്കപ്പൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമാസ് എന്നിവർ നേതൃത്വം നൽകി.

......................................

ആശുപത്രി ചരിത്രവും സ്റ്റേയും

പീച്ചി ഡാമിനോളം പഴക്കമുളളതാണ് പീച്ചി ആശുപത്രി. ജലസേചന വകുപ്പിന്റെ കൈവശമുളള സ്ഥലത്താണ് ആശുപത്രി പ്രവർത്തിക്കുന്നത്. 2017ൽ ഇറിഗേഷൻ വകുപ്പ് ആശുപത്രി നിറുത്താൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. കോൺഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജെ കോടങ്കണ്ടത്ത്, പഞ്ചായത്ത് മെമ്പർമാരായ കെ.പി. എൽദോസ്, മനോജ് എന്നിവർ ചേർന്ന് ഹൈക്കോടതിയിൽ ഹർജി കൊടുത്ത് ആശുപത്രി നിറുത്താനുള്ള നീക്കം സ്‌റ്റേ ചെയ്തു. തുടർന്നാണ് ആശുപത്രി ആരോഗ്യ വകുപ്പ് ഏറ്റെടുത്തത്.