ചാവക്കാട്: കനോലി കനാലിൽ മത്സ്യം ലഭിക്കാതായതോടെ വീശുവലക്കാർ ദുരിതത്തിൽ. കനാൽ മലിനമായതാണ് ദുരിതത്തിന് പ്രധാന കാരണം.
മുൻ കാലങ്ങളിൽ ചാവക്കാട് മേഖലയിലെ കനോലി കനാലിൽ വീശു വലക്കാർക്ക് മത്സ്യം ചാകരയായിരുന്നു. നാരൻ, ചെമ്മീൻ, കരിമീൻ, പോട്ട, വരാൽ, കണമ്പ് തുടങ്ങിയവ വല നിറയെ ലഭിക്കുകയും ചെയ്തിരുന്നു. സ്വാദിഷ്ടമായ മത്സ്യങ്ങളായതിനാൽ തൊഴിലാളികൾക്ക് കൈ നിറയെ പണമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പകലന്തിയോളം വീശു വലയുമായി ഇറങ്ങുന്ന തൊഴിലാളികൾക്ക് പൊടി മത്സ്യങ്ങൾ പോലും ലഭിക്കുന്നില്ല. തീരങ്ങളിൽ നിന്നും മലിന ജലവും മറ്റും കനാലിലേക്കും ഒഴുക്കി തുടങ്ങിയതോടെയാണ് മത്സ്യ സമ്പത്തും കുറഞ്ഞതെന്നാണ് ഇവർ പറയുന്നത്.
ചില സമയങ്ങളിൽ കായലിൽ വെള്ളം കറുത്ത് കുറുകിയ നിലയിലാണ് കാണപ്പെടാറ്. ഇതുമൂലം പലപ്പോഴും മത്സ്യങ്ങൾ ചത്തു പൊങ്ങാറുമുണ്ട്. മത്സ്യം ലഭിക്കുന്നില്ലെങ്കിലും നിറഞ്ഞ പ്രതീക്ഷയോടെ വട്ടം കറങ്ങി വല വീശി കൊണ്ടിരിക്കുകയാണ് തൊഴിലാളികൾ.