treasury
ഇതല്ല, ഇതിനപ്പുറവും....ട്രഷറിയിലേക്ക് പാന്റ് നനയാതെ എത്താൻ ശ്രമിക്കുന്നയാൾ സമീപത്തു നിന്ന് ഇഷ്ടിക കൊണ്ടുവന്നിട്ട് കടക്കുന്നു

മാള: മാളച്ചാൽ നിറഞ്ഞു കവിഞ്ഞതോടെ മാള സബ് ട്രഷറി വെള്ളക്കെട്ടിലായി. ഇപ്പോൾ മഴ വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ കെട്ടിക്കിടക്കുകയാണ് ഇവിടം. ചാൽ നിറഞ്ഞെങ്കിലും തടയണ പൊട്ടിക്കാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ ഇടയാക്കിയത്. ചാലിനോട് ചേർന്നുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും രൂക്ഷമായ വെള്ളക്കെട്ടിലാണ്.

ട്രഷറിയിലേക്ക് പൊതുജനങ്ങൾക്ക് എത്തിച്ചേരാൻ ഏറെ പ്രയാസമാണ്. ട്രഷറിയിലേക്ക് എത്തുന്ന പ്രായമായവരും സ്ത്രീകളുമാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. ട്രഷറിയുടെ മുൻഭാഗം പൂർണമായും വെള്ളക്കെട്ടിലാണ്. ട്രഷറിയുടെ ജനറേറ്റർ സ്ഥാപിച്ചിരിക്കുന്ന സ്ഥലവും വെള്ളക്കെട്ടിലാണ്. മഴമാറിയാലും പരിസരത്തെ വെള്ളക്കെട്ട് കൊതുക് വളരുന്ന കേന്ദ്രമായി മാറും. വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ് ഇപ്പോൾ ട്രഷറി പ്രവർത്തിക്കുന്നത്. ചാലിനോട് ചേർന്നുള്ള ഈ സ്ഥലത്ത് നിന്ന് വെള്ളം ഒഴുക്കിക്കളയാൻ തടയണ പൊളിക്കേണ്ടി വരും.

വേനൽക്കാലത്ത് ഉപ്പുവെള്ളം കയറാതിരിക്കാൻ കെട്ടിയ താത്കാലിക തടയണ പൊട്ടിച്ചാൽ മാത്രമേ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനാകൂ. കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന ചാലിലെ ശുദ്ധജലം സംരക്ഷിക്കുന്നതിനായാണ് വേനൽക്കാലത്ത് മാള പഞ്ചായത്ത് തടയണ നിർമ്മിക്കുന്നത്. എന്നാൽ മഴക്കാലമായാൽ ചാലിന്റെ പരിസരങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ഈ തടയണ പൊളിച്ച് അധികജലം ഒഴുക്കിക്കളയണം. വെള്ളക്കെട്ട് ട്രഷറിയുടെ പ്രവർത്തനത്തെ മാത്രമല്ല ഇതര കെട്ടിടങ്ങളെയും പ്രതികൂലമായി ബാധിക്കും. മാലിന്യം നിറഞ്ഞ ഈ വെള്ളക്കെട്ട് ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇടയാക്കുമെന്ന ആശങ്കയുണ്ട്. വെള്ളം ഒഴുക്കിക്കളയാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.