എരുമപ്പെട്ടി: ഗ്രാമവീഥികളിൽ ഇലച്ചെടികൾ നട്ടുപിടിപ്പിച്ച് എരുമപ്പെട്ടി മലർവാടി ബാലസഭയിലെ കുരുന്നുകളുടെ പ്രകൃതി സൗഹൃദ സന്ദേശം. എരുമപ്പെട്ടി പഞ്ചായത്തിൽ ക്ലീൻ, ഗ്രീൻ പദ്ധതി നടപ്പാക്കുകയെന്ന ആശയത്തിന്റെ ഭാഗമായാണിത്.

വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ. ഗോവിന്ദൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫീന അസീസ് എന്നിവർ മുന്നോട്ടുവച്ച ആശയം നടപ്പാക്കുന്നതിന് കുട്ടികളോടൊപ്പം കുടുബശ്രീ അയൽക്കൂട്ടങ്ങളിലെ പ്രവർത്തകരുമുണ്ട്. വാഹനങ്ങൾക്കും വീടുകൾക്കും തടസമില്ലാത്ത വിധം റോഡിന് ഇരുവശങ്ങളിലുമായാണ് ഇലച്ചെടികൾ നട്ടുപിടിപ്പിക്കുന്നത്.

പിന്നീട് ഇവയുടെ സംരക്ഷണം സമീപമുള്ള വീട്ടുകാർക്കാരുടെ ചുമതലയാണ്. ഒന്നാം വാർഡിൽ പദ്ധതി വിജയകരമായി പൂർത്തീകരിച്ചാൽ മറ്റു വാർഡുകളിലും ഇത് നടപ്പിലാക്കും. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻകുട്ടി നിർവഹിച്ചു. ബ്ലോക്ക് മെമ്പർ സഫീന അസീസ് അദ്ധ്യക്ഷനായി.