road
ചാലക്കുടി ദേശീയപാതയിലെ കോസ്മോസ് ക്ലബ്ബിന് സമീപം അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

ചാലക്കുടി: സർവീസ് റോഡുകൾ തകർന്നതോടെ ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളം നിരത്തിൽ കിടന്നാണ് വാഹനങ്ങൾ നിരങ്ങി നീങ്ങുന്നത്. പ്രശ്‌നം പരിഹരിക്കാൻ താൽക്കാലികമായി പൊലീസ് ഗതാഗത സംവിധാനത്തിൽ മാറ്റങ്ങളും വരുത്തി.

ദേശീയപാതയുടെ കിഴക്ക് ഭാഗത്തൂകൂടിയുള്ള വൺവെ സമ്പ്രദായമാണ് താൽക്കാലികമായി ഒഴിവാക്കിയത്. പകരം തൃശൂരിലേക്കും എറണാകുളം ഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഇതിലെ കടത്തി വിടുകയായിരുന്നു. വടക്ക് തെക്കോട്ടുള്ള കുറേ വാഹനങ്ങൾ കിഴക്കെ സർവീസ് റോഡിലൂടേയും വിടുന്നുണ്ട്. പോട്ട മേൽപ്പാലം മുതൽ ഗതാഗതം സ്തംഭനം അനുഭവപ്പെടുന്നതിനാൽ അവിടെ നിന്നും കുറേ വാഹനങ്ങൾ പഴയ ദേശീയ പാതയിലൂടേയും തിരിച്ചു വിട്ടു.

സർവീസ് റോഡിലെ പ്രശ്‌നം പരിഹരിക്കാൻ എൻ.എച്ച്.ഐ അധികൃതർക്ക് നിർദ്ദേശം നൽകിയെന്ന് ബി.ഡി. ദേവസി എം.എൽ.എ തിരുവനന്തപുരത്ത് അറിയിച്ചു. സർവീസ് റോഡുകൾ തകർന്ന ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രിയിൽ ടാറിംഗ് നടത്തുമെന്ന് എം.എൽ.എ പറഞ്ഞു.

ദേശീയ പാതയിലെ ഗതാഗത പ്രശ്‌നം നഗരത്തിലെ നിരത്തുകളേയും ബാധിച്ചു. ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപ്പെടാൻ പോട്ടയിൽ വച്ച് വാഹനങ്ങൾ പഴയ ദേശീയ പാതയിലൂടെ എത്തിയതാണ് എല്ലാ ജംഗ്ഷനുകളും സ്തംഭിക്കാനിടയാക്കിയത്. പതിവുള്ള വാഹനങ്ങൾക്ക് പുറമെ ദേശീയ പാതിയിലൂടെയുള്ളവയും എത്തിയപ്പോൾ മണിക്കൂറുകളോളം എല്ലായിടത്തും ജനങ്ങൾ ദുരിത്തിലായി.

..............................

കൂനിന്മേൽ കുരുവായി പൊടിശല്യവും

സർവീസ് റോഡുകൾ തകർന്നതോടെ ഇവിടെ നിന്നുള്ള പൊടിപടലങ്ങളും ദേശീയപാതയിൽ പ്രതിസന്ധിക്കിടയാക്കി. മഴ ഒഴിഞ്ഞു നിന്നതോടെ പൊളിഞ്ഞയിടങ്ങളിൽ നിന്നും പൊടി പടലം ഉയരുകയായിരുന്നു. ഇരു ചക്രവാഹനങ്ങളിൽ സഞ്ചരിച്ചവരാണ് പൊടിയിൽ ഏറെ നട്ടംതിരിഞ്ഞത്.