അന്തിക്കാട്: താന്ന്യം - നാട്ടിക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെമ്മാപ്പിള്ളി കടവ് തൂക്കുപാലം അപകടാവസ്ഥയിൽ. പാലത്തിന്റെ നടപ്പാതയുടെ സ്ളാബും കൈവരികളും പഴകി ദ്രവിച്ച് കമ്പികൾ പുറത്തായതോടെ യാത്രക്കാർ ഭീതിയിലായി. സ്കൂൾ കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ള യാത്രക്കാരും ജീവൻ പണയം വച്ചാണ് പാലത്തിലൂടെ യാത്ര ചെയ്യുന്നത്. തകർന്ന സ്ലാബിൽ കാലുകൾ കുടുങ്ങാനും പഴകിയ കമ്പികൾ തകർന്ന് പുഴയിലേക്ക് വീഴാനും സാദ്ധ്യത ഏറെയാണ്. പാലത്തിനെ മുകളിൽ നിന്നും താങ്ങി നിറുത്തുന്ന വലിയ കമ്പികൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടാവസ്ഥയ്ക്ക് കാരണമെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. 110 മീറ്റർ നീളവും 1.20 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. ചെമ്മാപ്പിള്ളിയിൽ നിന്നും നാട്ടിക എസ്.എൻ. കോളജ്, വലപ്പാട് ശ്രീരാമ പോളിടെക്നിക്, മായ കോളേജ്, തൃപ്രയാർ ക്ഷേത്രം, ദേശീയപാത 17 എന്നിവിടങ്ങളിലേക്കെത്താൻ ദിവസവും നൂറുകണക്കിന് വിദ്യാർത്ഥികളും യാത്രക്കാരും ആശ്രയിക്കുന്ന പാലമാണിത്. കൂടാതെ പടിഞ്ഞാറെ കരയിൽ നിന്ന് പെരിങ്ങോട്ടുകര സെറാഫിക് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ, ചെമ്മാപ്പിള്ളി എ.എൽ.പി.സ്കൂൾ എന്നിവിടങ്ങളിലേക്കും നിരവധി കുട്ടികൾ എത്തുന്നത് ഈ പാലത്തിലൂടെയാണ്. ചെമ്മാപ്പിള്ളി കടവിലെ കടത്ത് നിലച്ചതോടെയാണ് തൂക്കുപാലം നിർമിച്ചത്.
..........................
സംസ്കാര സാഹിതിയുടെ സമരം
ചെമ്മാപ്പള്ളി തൂക്ക് പാലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ക്കാര സാഹിതി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിൻമേൽ കിടന്ന് സംരക്ഷണ കവചം തീർത്തു. 2013 ൽ പണിത പാലം തുരുമ്പെടുത്ത് കോൺക്രീറ്റ് പോയി തകർന്ന അവസ്ഥയിലാണ്. എം.എൽ.എ വാഗ്ദാനങ്ങൾ മാത്രം നൽകി പോകുകയാണ്. എത്രയും വേഗം പാലം പുനർനിർമ്മിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് വരുമെന്ന് സംസ്കാര സാഹിതി പ്രവർത്തകർ പറഞ്ഞു. പ്രതിഷേധ സമരം ജില്ലാ പഞ്ചായത്തംഗം ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ പി.എസ് സന്തോഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എൻ വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. വലപ്പാട് പഞ്ചായത്തംഗം സുമേഷ് പാനാട്ടിൽ ,അശ്വിൻ ആലപ്പുഴ, ഫാറൂഖ് താന്ന്യം, വൈശാഖ് വേണുഗോപാൽ, സഗീർ പടുവിങ്ങൽ, സചിത്രൻ തയ്യിൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.