വടക്കഞ്ചേരി: നാടെങ്ങും മാലിന്യ സംസ്‌കരണ നിർമ്മാർജ്ജന പരിപാടികൾ ആഘോഷപൂർവ്വം കൊണ്ടാടുമ്പോൾ ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ അകമല കടക്കാൻ മൂക്കുപൊത്തണമെന്നതാണ് അവസ്ഥ. ലോഡുകണക്കിന് മാലിന്യങ്ങളാണ് അകമല ക്ഷേത്രത്തിനും റെയിൽവേ മേൽപാലത്തിനുമിടയിൽ തള്ളുന്നത്.

രാത്രിയിൽ വാഹനങ്ങളിൽ ചാക്കുകളിൽ നിറച്ചാണ് ഇവിടെ കൊണ്ടുവന്നു തള്ളുന്നത്. മഴ കൂടിയെത്തിയതോടെ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കൂടാതെ മാലിന്യം തോട്ടിലൂടെ ഒഴുകി സമീപത്തെ കിണറുകളിലെയും മറ്റും വെള്ളം മലിനമാകുന്നതിനും ഇതു കാരണമാകുന്നു. പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും മുതൽ ആശുപത്രി മാലിന്യം വരെ ഇവിടെ തള്ളുന്നുണ്ട്.

സമീപ ഭാവിയിൽ തന്നെ മറ്റൊരു ലാലൂരായി ഈ പ്രദേശവും പരിസരവും മാറുമെന്നാണ് ആശങ്ക. രാത്രിയിൽ ഇതു വഴിയുള്ള പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും സാമൂഹിക വിരുദ്ധരെ കണ്ടെത്താൻ സി.സി.ടി.വി സ്ഥാപിക്കണമെന്നുമുള്ള ജനകീയ ആവശ്യം ശക്തമാണ്.