തൃശൂർ : കേരളവർമ്മ കോളേജിൽ ശബരിമല അയ്യപ്പനെ വികൃതമായി ചിത്രീകരിച്ച് എസ്.എഫ്.ഐ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചെന്ന് ആരോപിച്ച് പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് വിവാദ ഫ്ളക്സ്ബോർഡ് മാറ്റി. ഒന്നാം വർഷ ഡിഗ്രി ക്ലാസുകൾ തുടങ്ങിയ തിങ്കളാഴ്ച നവാഗതർക്ക് സ്വാഗതമോതുന്ന നിരവധി കൊടിതോരണങ്ങൾക്കിടയിലാണ് എസ്.എഫ്.ഐയുടെ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഉന്മൂലനം ചെയ്യേണ്ട കപടവിശ്വാസങ്ങൾക്ക് നേരെ മുഖം തിരിക്കാൻ സമയമായെന്നും ശബരിമല സ്ത്രീ പ്രവേശന സമരം അനിവാര്യമാണെന്നും ആഹ്വാനം ചെയ്യുന്ന ബോർഡിൽ രക്തം ഒലിച്ചിറങ്ങുന്ന കാലുകൾക്ക് നടുവിൽ തലകീഴായുള്ള അയ്യപ്പന്റേതെന്ന് തോന്നിക്കുന്ന ചിത്രമാണ് വരച്ചിരിക്കുന്നത്.

ബോർഡ് പ്രത്യക്ഷപ്പെട്ടതോടെ എ.ബി.വി.പിയും ബി.ജെ.പിയും കോൺഗ്രസും ഹിന്ദു ഐക്യവേദി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഹൈന്ദവ വികാരം വ്രണപ്പെടുത്തി മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ച് കേരള വർമ്മ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിനെതിരെ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.കെ. അനീഷ് കുമാർ സിറ്റി പൊലീസ് കമ്മിഷണർക്കും വെസ്റ്റ് സി.ഐക്കും പരാതി നൽകി. ശിവനെ മോശമായി ചിത്രീകരിക്കുന്ന മറ്റൊരു ഫ്‌ളക്‌സ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സംഭവം ഉണ്ടായിട്ടും കേസെടുക്കാത്ത നടപടി പ്രതിഷേധാർഹമാണെന്ന് അനീഷ് കുമാർ ആരോപിച്ചു. ഇത് സംബന്ധിച്ച് തൃശൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് സ്വകാര്യ അന്യായം നൽകുമെന്ന് അനീഷ്‌ കുമാർ അറിയിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ബി.ജെ.പിയും കോൺഗ്രസും മാർച്ച് നടത്തി. ഹിന്ദു ഐക്യവേദി കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. കോളേജിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. നേരത്തെ, വീണ വായിക്കുന്ന നഗ്‌ന സ്ത്രീരൂപം വരച്ച ബോർഡ് സരസ്വതി ദേവിയെ അപമാനിക്കുന്നതാണെന്ന വിവാദം കോളേജിൽ ഉയർന്നിരുന്നു. കോളേജിലും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ട ബീഫ് ഫെസ്റ്റും വിവാദമായിരുന്നു.