തൃശൂർ: അർദ്ധരാത്രി നഗരത്തിൽ ഗുണ്ടകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കുത്തേറ്റ് മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പിള്ളിശേരി ആലുക്കൽ ചാക്കപ്പൻ എന്ന ബിനോയിയാണ് (24) കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ വെളിയന്നൂർ ആശാരിക്കുന്ന് അന്തിക്കാടൻ വീട്ടിൽ വിവേകിനെ (22) ഈസ്റ്റ് പൊലീസ് പിടികൂടി. ശക്തൻ ബസ് സ്റ്റാൻഡിന് സമീപം ജംഗ്ഷനിലെ പഴക്കടയ്ക്ക് മുന്നിൽ ഞായറാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവം. ബൈക്കിൽ കൂട്ടുകാരനൊപ്പം ശക്തൻ സ്റ്റാൻഡിന് സമീപമുള്ള ബാറിന് മുന്നിലെത്തിയ ബിനോയിയും വിവേകും ഏറ്റുമുട്ടുകയായിരുന്നു. ബിനോയ്, വിവേകിനെ തുറിച്ച് നോക്കിയെന്ന് പറഞ്ഞ് തുടങ്ങിയ വാക്കുതർക്കവും കൈയേറ്റവും കൊലപാതകത്തിൽ കലാശിച്ചു. മുൻവിരോധത്താൽ വിവേക്, ബിനോയിയുടെ കഴുത്തിൽ കത്തികൊണ്ട് ആഴത്തിൽ കുത്തുകയായിരുന്നു. മുമ്പും ഇവർ തമ്മിൽ വഴക്കിടാറുണ്ടായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനോയിയെ പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. രണ്ട് പേരും നിരവധി കേസുകളിലെ പ്രതികളും പൊലീസിന്റെ ഗുണ്ടാപട്ടികയിൽ ഉൾപ്പെട്ടവരുമാണ്. ഗുണ്ടാത്തലവൻ കടവി രഞ്ജിത്തിന്റെ എതിർസംഘത്തിൽ പെട്ടയാളാണ് മരിച്ച ബിനോയ്. ചേർപ്പ്, പുതുക്കാട്, നെടുപുഴ, പേരാമംഗലം സ്റ്റേഷനുകളിൽ വധശ്രമം, ഗുണ്ടാ ആക്രമണക്കേസുകളിൽ പ്രതിയാണ് ബിനോയ്. വിവേകിന് ഈസ്റ്റ് സ്റ്റേഷനിൽ തന്നെ 13 കേസുകളുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു സംഘം ഗുണ്ടാ പിരിവ് ചോദിച്ചുള്ള തർക്കം വാക്കേറ്റത്തിലും കത്തിക്കുത്തിലും എത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ കിഴക്കെക്കോട്ട സ്വദേശി സച്ചിൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്