കൊടുങ്ങല്ലൂർ: തീരദേശ വാസികൾക്ക് ആശ്വാസമായി അഴീക്കോട് ജില്ലയിലെ ആദ്യത്തെ വിവിധോദ്ദേശ്യ സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രം നിർമ്മിക്കാൻ തീരുമാനം. അടിക്കടിയുണ്ടാകുന്ന കടൽക്ഷോഭം, ചുഴലിക്കാറ്റ് എന്നിവയിൽ നിന്ന് രക്ഷ തേടിയുള്ള പലായന ഘട്ടങ്ങളിൽ തീരദേശവാസികൾക്ക് ആശ്വാസമുറപ്പ് വരുത്തുകയാണ് അഭയകേന്ദ്രത്തിന്റെ ലക്ഷ്യം.

മൂന്നരക്കോടി ചെലവഴിച്ചാകും നിർമ്മാണം. വിവിധോദ്ദേശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള സംസ്ഥാനത്തെ തന്നെ മൂന്നാമത്തെ അഭയകേന്ദ്രമാകും അഴീക്കോട്ടേത്. ദേശീയ ചുഴലിക്കാറ്റ് അപകട സാദ്ധ്യതാ ലഘൂകരണ പദ്ധതി പ്രകാരം സംസ്ഥാന ചുഴലിക്കാറ്റ് പ്രതിരോധ നടത്തിപ്പ് കേന്ദ്രത്തിന്റെ കീഴിലാണ് കേന്ദ്രം സ്ഥാപിതമാകുക. പദ്ധതി നിർവഹണത്തിന്റെ ഭാഗമായി അഭയകേന്ദ്ര പരിപാലനകമ്മിറ്റി രൂപീകരിക്കുന്നതിനായി എറിയാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ എൻ.സി.ആർ.എം.പി സംസ്ഥാന കമ്മ്യൂണിറ്റി മോബിലൈസർ സിറിയക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

7,500 ചതുരശ്ര അടിയിലായി മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുക. എല്ലാ നിലകളിലുമായി പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം, അടുക്കള, ജനറേറ്റർ റൂം തുടങ്ങിയവയുണ്ടാകും. ഭിന്നശേഷിക്കാർക്കായി ഉപകാരപ്രദമായ രീതിയിൽ റാമ്പുകളും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ഹെലികോപ്റ്റർ എയർ ഡ്രോപ്പ് സംവിധാനവും ഇതോടനുബന്ധിച്ച് ഉണ്ടാകും. 2022ഓടെ പണി പൂർത്തീകരിച്ച് തീരദേശത്തിന്റെ ദുരന്ത നിവാരണ കാര്യശേഷി വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലായി പതിനാല് ഇടങ്ങളിലാണ് അഭയകേന്ദ്രം സ്ഥാപിക്കുന്നത്. ഇവയുടെ മാതൃകയിൽ തന്നെയാണ് ഇവിടെയും നിർമ്മാണം പൂർത്തീകരിക്കുക. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് (ചെയർമാൻ), പഞ്ചായത്ത് സെക്രട്ടറി (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ), വില്ലേജ് ഓഫീസർ (കൺവീനർ), പൊലീസ് സബ് ഇൻസ്‌പെക്ടർ, ഡിവിഷണൽ ഫയർ ഓഫീസർ, ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ്, കുടുംബശ്രീ, ഭിന്നശേഷിക്കാർ എന്നിവരുടെ പ്രതിനിധികളുൾപ്പെടുന്ന അഭയകേന്ദ്ര പരിപാലനകമ്മിറ്റിയും ഇതിന്റെ ഭാഗമായി രൂപീകരിച്ചു.

ത്രിതല പഞ്ചായത്ത് അംഗങ്ങളെയും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരെയും മെഡിക്കൽ ഓഫീസർമാരെയും പിന്നീട് ഉൾപ്പെടുത്തും. ദുരന്തനിവാരണ കാര്യശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് കമ്മിറ്റികൾ രൂപീകരിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ താത്പര്യമുള്ളവരെ തെരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകും. 25 ശതമാനം സ്ത്രീ പങ്കാളിത്തത്തോടെ 30 പേരടങ്ങുന്ന വളണ്ടിയർ കമ്മിറ്റിയാണ് രൂപീകരിക്കുക. ഫയർഫോഴ്‌സിന്റെ സഹായത്തോടെ പഞ്ചായത്തുകളിൽ മോക്ഡ്രില്ലുകളും പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പി.എം. അബ്ദുള്ള, സെക്രട്ടറി പി.എ. താജു, ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, അഴീക്കോട് വില്ലേജ് ഓഫീസർ റസിയ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അംബികാ ശിവപ്രിയൻ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു