തൃശൂർ: ശക്തൻ തമ്പുരാൻ നഗറിൽ കോർപറേഷൻ ആസ്ഥാനമന്ദിരം പണിയുന്നതിന് തയ്യാറാക്കിയ പ്ലാൻ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കാനുള്ള ശ്രമം കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാർ സംയുക്തമായി തടഞ്ഞു. ഭരണസമിതി അംഗങ്ങളും കൗൺസിലും ബന്ധപ്പെട്ട സ്റ്റാൻഡിംഗ് - സ്റ്റിയറിംഗ് കമ്മിറ്റികൾ അറിയാതെ ഭരണപക്ഷം നടത്തുന്ന ഏകപക്ഷീയ നടപടി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം പദ്ധതി അവതരണം ബലമായി തടഞ്ഞത്.

അജണ്ടയിൽ പദ്ധതി അവതരണം ഉണ്ടായിരുന്നില്ല. അജണ്ടയിലില്ലാത്ത വിഷയം അവതരിപ്പിക്കുന്നത് ചട്ടലംഘനമാണെന്നും പ്രതിപക്ഷം പറഞ്ഞു. ഒരു അജണ്ട പോലും ചർച്ചയ്ക്കെടുക്കാതെ രാവിലെ 11ന് തുടങ്ങിയ കൗൺസിൽ നാലിന് ബെല്ലടിച്ചു പിരിച്ചുവിട്ടു.

2009 മാർച്ച് 23ലെ കൗൺസിൽ യോഗതീരുമാനപ്രകാരമാണ് ആർ.കെ. രമേശിനെ ശക്തൻ തമ്പുരാൻ നഗറിൽ കോർപറേഷൻ ആസ്ഥാന മന്ദിരത്തിന് പ്ലാൻ വരയ്ക്കാൻ ഏൽപ്പിച്ചതെന്ന് മേയർ അജിത വിജയൻ വ്യക്തമാക്കി. കോൺഗ്രസ്-ബി.ജെ.പി പ്രതിപക്ഷ സഖ്യം നഗരവികസനം തടസപ്പെടുത്തുകയാണെന്ന് ഇതിനിടെ സി.പി.എം കൗൺസിലർമാർ ഉന്നയിച്ചു.

യോഗത്തിന് മുമ്പ് പദ്ധതി വിശദീകരണമാണെന്ന മേയറുടെ പ്രഖ്യാപനത്തിന് പിറകെ പ്രതിഷേധവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. എം.കെ. മുകുന്ദനും ബി.ജെ.പി കക്ഷി നേതാവ് എം.എസ്. സമ്പൂർണ്ണയും എഴുന്നേറ്റു നിന്നു. പദ്ധതി അവതരിപ്പിക്കാതെ ചർച്ച അനുവദിക്കില്ലെന്ന നിലപാടായിരുന്നു മേയർക്ക്. ഇതോടെ കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാർ നടുത്തളത്തിലിറങ്ങി, പവ്വർ പോയിന്റ് പ്രസന്റേഷൻ തടയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

സി.പി.എം കൗൺസിലർമാരായ സതീഷ് ചന്ദ്രൻ, അനൂപ് കരിപ്പാൾ, ഇ.ഡി. ജോണി, അനൂപ് ഡേവീഡ് കാട എന്നിവർ ഭരണപക്ഷത്തും പ്രതിരോധം തീർത്തതോടെ യോഗം ബഹളത്തിലായി. അജണ്ട ചർച്ചയ്ക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ മേയറെ വളഞ്ഞുവച്ചു. മേയറും വഴങ്ങിയില്ല.

കോൺഗ്രസ് കക്ഷി ഉപനേതാവ് ജോൺ ഡാനിയേൽ, എ. പ്രസാദ്, ടി.ആർ. സന്തോഷ്, ഫ്രാൻസീസ് ചാലിശ്ശേരി, ബി.ജെ.പിയിലെ സി. രാവുണ്ണി, കെ. മഹേഷ് എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നൽകി. ഉച്ചയ്ക്ക് ശേഷവും പദ്ധതി അവതരിപ്പിക്കാനുള്ള ശ്രമം പ്രതിപക്ഷം തടഞ്ഞു. പൊതുടാപ്പുകൾ ഒഴിവാക്കുന്നതും നൂറ് കോടി വായ്പ എടുക്കുന്നത് ഉൾപ്പെടെയുള്ള അജണ്ടകൾ മുഴുവൻ മറ്റൊരു കൗൺസിൽ വിളിച്ചു കൂട്ടി ചർച്ചയ്ക്ക് എടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ മേയർക്ക് ഒപ്പിട്ട് കത്ത് നൽകി.

അപമാനകരം

കൗൺസിൽ പോലും അറിയാതെ വരച്ച പ്ലാൻ ഭരണസമിതി അംഗങ്ങൾ അറിയുന്നത് മാദ്ധ്യമ വാർത്തകളിലൂടെയായിരുന്നു. അപമാനകരമാണ് ഈ അവസ്ഥയെന്നും പണ്ട് വരച്ച് വെച്ച പ്ലാനുകൾ എവിടെ, എന്തുസംഭവിച്ചു..?

- എം.കെ. മുകുന്ദൻ, പ്രതിപക്ഷ നേതാവ്

ജനാധിപത്യവിരുദ്ധം

കൗൺസിലും കമ്മിറ്റികളും അറിയാതെയുള്ള നടപടി ജനാധിപത്യ വിരുദ്ധമാണ്, അംഗീകരിക്കാനാകില്ല.

- എം.എസ്. സമ്പൂർണ്ണ, ബി.ജെ.പി കക്ഷി നേതാവ്