aron
ആരോൺ

മാള: മുങ്ങിത്താഴ്ന്ന കൂട്ടുകാരനെ നിലയില്ലാ കുളത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ആരോണിന്റെ ധീരത നാടിന്റെ അഭിമാനമായി മാറി. ആരോണും സുഹൃത്തുക്കളായ ദർശനും ആദർശും വീടിനടുത്തുള്ള കുളത്തിന്റെ പാർശ്വഭിത്തിയിൽ ഇരുന്ന് സംസാരിക്കുന്നതിനിടയിലാണ് സംഭവം. കുളത്തിലേക്ക് വീണ മുളവടി എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ദർശൻ തെന്നി വീണത്. നല്ല ആഴമുള്ള കുളത്തിലേക്ക് വീണ ദർശൻ രണ്ട് തവണ പൊങ്ങി വരുന്നത് കണ്ടപ്പോഴേക്കും അപകടം മനസിലാക്കിയ ആരോൺ എടുത്ത് ചാടി. നന്നായി നീന്തൽ പരിശീലനം നേടിയിട്ടുള്ള ആരോൺ വെള്ളത്തിലേക്ക് എടുത്തുചാടിയ ഉടനെ ദർശനെ കയറിപ്പിടിച്ചു. അതിനിടയിൽ ദർശൻ പ്രാണരക്ഷാർത്ഥം ചവിട്ടി തള്ളാനും ശ്രമിച്ചിരുന്നു. ദർശന്റെ കൈകൾ തോളിൽ പിടിപ്പിച്ചാണ് ആരോൺ കരയിലേക്ക് എത്തിയത്. കുളത്തിന്റെ മറുവശത്ത് ചിലർ ഉണ്ടായിരുന്നെങ്കിലും അവർ ഇക്കാര്യം അറിഞ്ഞത് വൈകിയാണ്. കുറച്ച് വെള്ളം കുടിച്ചതല്ലാതെ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ ഇക്കാര്യം വീട്ടുകാരെ അറിയിച്ചില്ല. രണ്ട് ദിവസം കഴിഞ്ഞ് വിവരം അറിഞ്ഞപ്പോൾ ദർശന്റെ അമ്മ ആരോണിനെ വീട്ടിലെത്തി കെട്ടിപ്പിടിച്ചപ്പോഴാണ് മറ്റുള്ളവരും സംഭവം അറിഞ്ഞത്. ചാലക്കുടി ഗോൾഡൻ നഗറിൽ ചീനിക്കപ്പറമ്പിൽ ജെൻ പിൻഹീറോയുടെയും ട്രീന റോഡ്റിംഗ്സിന്റെയും മകനാണ് ആരോൺ. ചാലക്കുടിയിലെ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ദർശനും മാള ഹോളി ഗ്രെയ്‌സ് അക്കാഡമി സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ആരോണും സുഹൃത്തുക്കളാണ്. മാള ഹോളി ഗ്രെയ്‌സ് അക്കാഡമിയിലെ നീന്തൽ കുളത്തിൽ നാലാം ക്ലാസ് മുതൽ പരിശീലിക്കുന്ന ആരോണിന് ചാലക്കുടിപ്പുഴയിൽ കൂടുതൽ പരിശീലനം നൽകിയിരുന്നു. ഹോളി ഗ്രെയ്‌സ് സ്‌കൂളിലെ അദ്ധ്യാപികയാണ് അമ്മ.