തൃശൂർ : പരിശോധന നിർബാധം തുടരുമ്പോഴും ജയിലിൽ നിന്ന് മൊബൈലും ലഹരിവസ്തുക്കളും മറ്റും പിടിച്ചെടുക്കുമ്പോഴുണ്ടാകുന്ന തുടരന്വേഷണങ്ങൾ പ്രഹസനമാകുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തിട്ടും അന്വേഷണം ഊർജ്ജിതമാക്കാൻ നിർദ്ദേശം എത്തിയിട്ടില്ലെന്നാണ് അറിയുന്നത്. നിസാര കേസുകൾക്ക് വരെ സൈബർ സെല്ലിൽ ഓടിയെത്തുന്ന പൊലീസ്, തടവുകാരിൽ നിന്ന് ഇത്രയധികം ഫോൺ പിടിച്ചെടുത്തിട്ടും തുടരന്വേഷണത്തിന് ഇതുവരെയും അവരെ സമീപിച്ചിട്ടില്ല.
ആദ്യ ദിനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ യതീശ്‌ചന്ദ്രയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നാലു മൊബൈൽ സിം കാർഡുകൾ, ബാറ്ററികൾ എന്നിവയും തിങ്കളാഴ്ച്ച നടന്ന പരിശോധനയിൽ രണ്ട് മൊബൈൽ ഫോൺ, ഏഴ് മൊബൈൽ ബാറ്ററികൾ, ഡാറ്റാ കേബിൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു. ഇപ്പോൾ നടക്കുന്ന പരിശോധനകളെല്ലാം ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദന്റെ നേതൃത്വത്തിലാണ്. ഇതിൽ ജയിലധികൃതരുടെ പരാതിയെ തുടർന്ന് വിയ്യൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
കുഴി ബോംബ് പൊലെ കുഴിച്ചിട്ട് മൊബൈലുകൾ
നിലവിൽ 11 മൊബൈലുകൾ മാത്രമാണ് തടവുകാരിൽ നിന്ന് കണ്ടെത്താൻ സാധിച്ചത്. ഇനിയും പലരുടെയും കൈവശം മൊബൈലുകൾ ഉണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. സെല്ലുകൾക്ക് മുന്നിലും മൂത്രപ്പുര, കക്കൂസുകൾ എന്നിവിടങ്ങളിൽ നിന്നുമാണ് പിടിച്ചെടുത്തത്. പരിശോധനകൾ കർശനമായതോടെയാണ് കവറിലാക്കി മൊബൈലുകൾ കുഴിച്ചിടാൻ തുടങ്ങിയതെന്ന് പറയുന്നു.
കാമറകൾ 64, പ്രവർത്തിക്കുന്നത് വട്ടപൂജ്യം
ജയിലിനകത്ത് 64 കാമറകൾ ഉണ്ടെങ്കിലും ഒരെണ്ണം പോലും പ്രവർത്തനക്ഷമമല്ല, മാസങ്ങളായി ഇത് തകരാറിലായിട്ട്. ജയിൽ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ഓഫീസിനുള്ളിലിരുന്ന് എല്ലാ കാര്യങ്ങളും വീക്ഷിക്കാവുന്ന സൗകര്യം ഉണ്ടായിട്ട് പോലും ഇത് പ്രവർത്തനക്ഷമമാക്കാൻ തയ്യാറായിട്ടില്ല. ടെൻഡർ നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പ്രവർത്തനക്ഷമമാകാൻ ഇനിയും സമയമെടുത്തേക്കും.
ജയിലുകളിലെ പരിശോധന സി.പി.എം തിരക്കഥ ; നാഗേഷ്
സി.പി.എമ്മിനായി കൊലപാതകങ്ങളും അക്രമങ്ങളും നടത്തി ജയിലുകളിൽ കഴിയുന്നവർ ഇപ്പോൾ പാർട്ടിക്ക് ബാദ്ധ്യതയായതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ ജയിലുകളിൽ നടന്ന പരിശോധനകളെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് പ്രസ്താവനയിൽ പറഞ്ഞു. സി.പി.എം നേതാക്കളും പൊലീസും ജയിലധികൃതരും ഒത്തു കളിച്ചുള്ള നാടകമാണ് ഇപ്പോഴത്തെ പരിശോധനകൾ. ഇതിനു മുമ്പുണ്ടായ കേസുകളിൽ എന്ത് നടപടി എടുത്തുവെന്ന് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി വ്യക്തമാക്കണം. ജയിലുകളിൽ നിന്ന് സി.പി.എം നേതാക്കളെ നിരന്തരം വിളിച്ച് പണത്തിനും മറ്റും ശല്യം ചെയ്തതോടെയാണ് റെയ്ഡിന് സി.പി.എം നേതൃത്വം അനുമതി നൽകിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നാഗേഷ് പറഞ്ഞു..