തൃശൂർ: തുറിച്ചു നോക്കിയതിനെ ചൊല്ലി ശക്തൻ സ്റ്റാൻഡിനടുത്തുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിലെ പ്രതി വെളിയന്നൂർ അന്തിക്കാടൻ വീട്ടിൽ വിവേകിനെ (22) വെളിയന്നൂരിലും വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ശക്തൻ സ്റ്റാൻഡിൽ ചുമട്ടു തൊഴിലാളിയാണ് വിവേക്. മുൻസുഹൃത്തായ പെരുമ്പിള്ളിശേരി ആലുക്കൽ വീട്ടിൽ ബിനോയിയാണ് (24) കൊല്ലപ്പെട്ടത്. ഞായറാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. കുത്തേറ്റ ബിനോയ് തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
അതേസമയം പൊലീസിന് നേരെയും വിവേക് അക്രമത്തിന് മുതിർന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. തോക്ക് ചൂണ്ടി ഒരിക്കൽ രക്ഷപ്പെടുകയും ചെയ്തിരുന്നു. പിന്നീടാണ് അത് കളിത്തോക്കായിരുന്നുവെന്ന പൊലീസിന് ബോദ്ധ്യമായത്. ഏഴ് മാസങ്ങൾക്ക് മുമ്പ് വലിയാലുക്കലിൽ വച്ചായിരുന്നു സംഭവം. വെളിയന്നൂരിൽ പഴക്കടയിൽ നിൽക്കുകയായിരുന്ന വിവേക് ബിനോയിയെ തുറിച്ചു നോക്കിയതാണ് പ്രശ്‌നമായത്. മരിച്ച ബിനോയിയുടെ പേരിലും നിരവധി ക്രിമിനൽ കേസുണ്ട്. പ്രതി വിവേകിനെതിരെ തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം 13 കേസാണുള്ളത്. കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയവയ്ക്ക് അടിമയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.