ചാഴൂർ: വാർപ്പ് ഇളകി തുടങ്ങിയ പുള്ളിലെ ആശ്വാസ കേന്ദ്രം ഉടനടി പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിയണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. പുള്ളിലെ ജനതയ്ക്ക് ആശ്വാസമേകാൻ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചതാണ് ആശ്വാസ കേന്ദ്രം. രണ്ട് വലിയ കെട്ടിടത്തിലായി അത്യാവശ്യ ഘട്ടത്തിൽ 200 പേരെ വരെ അധിവസിപ്പിക്കാൻ പാകത്തിൽ നിർമ്മിച്ചതായിരുന്നു ഇത്. പുള്ള് ഗ്രാമം ഒരു ദ്വീപാണ്. പേമാരിയിൽ ചുറ്റുമുള്ള പാടശേഖരം നിറഞ്ഞു കവിഞ്ഞാൽ പല പ്രദേശവും മുങ്ങിത്താഴും. വീടുകളിൽ ചെറിയ ആഘോഷങ്ങൾ വരുമ്പോൾ തുച്ഛ വരുമാനക്കാരായ പലരും 200 രൂപ വാടക നൽകി ഉപയോഗിച്ചിരുന്ന പുള്ളിന്റെ മുഖമുദ്രയാണ് അധികാരികളുടെ അനാസ്ഥ മൂലം ജീവച്ഛവമായി കിടക്കുന്നത്. നാലു വർഷം മുമ്പ് വരെ ഉപയോഗിച്ചിരുന്നതായും, അറ്റകുറ്റപണി നടത്താതെ കേന്ദ്രം നശിക്കുകയായിരുന്നു.
കെട്ടിട ഉൾവശത്ത് സിമന്റ് അടർന്ന് ഓരോ ഭാഗങ്ങൾ വീണു തുടങ്ങി. വാർപ്പ് കമ്പികൾ ദിവസം തോറും പുറത്തേക്ക് തെളിഞ്ഞു വരുന്നു. ഈ കെട്ടിടത്തോട് ചേർന്ന് കിടക്കുന്ന വില്ലേജ് ഓഫീസിന് മീറ്ററുകളുടെ അകലം മാത്രമാണുള്ളത്. ഇതിന് പിറകിലെ അംഗൻവാടിക്കും ഈ കെട്ടിടം ഭീഷണിയാണ്. പുള്ളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ ഈ കെട്ടിടത്തിനോട് ചേർന്നുള്ള ഗ്രൗണ്ടിലാണ് പാർക്ക് ചെയ്യുന്നത്.
യാത്ര പോകാൻ ബസിൽ കാത്തിരിക്കുന്നവർക്കും പേടിക്കേണ്ട അവസ്ഥയുണ്ട്. ഇതിനു മുന്നിലൂടെ പോകുമ്പോൾ മഴ വന്നാൽ വിദ്യാർത്ഥികൾ അടക്കം കയറി നിൽക്കുന്നതും ഈ കെട്ടിടത്തിന് മുമ്പിലാണ്. കെട്ടിടം പുതുക്കിപ്പണിയുന്നതിൽ താല്പര്യം കാണിക്കാതെ പരസ്പരം പഴി ചാരുന്ന ചാഴൂർ പഞ്ചായത്തും, റവന്യൂ വകുപ്പും ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
..................................................
കഴിഞ്ഞ പ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച സ്കൂൾ തിങ്ങി നിറഞ്ഞതോടെ, പുള്ളിലെ ആശ്വാസ കേന്ദ്രം നശിച്ചതിനാൽ ആശ്രയമില്ലാതെ മറുകരയെത്താൻ സൈന്യത്തിന്റെ ബോട്ടു കാത്തു കിടന്ന പുള്ള് നിവാസികളുടെ നൊമ്പരം മറക്കാനാകില്ല. ആശ്വാസകേന്ദ്രം ഉടൻ പുനർനിർമ്മിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കും..
പുള്ള് പ്രകൃതി സംരക്ഷണ സമിതി എക്സി.മെമ്പർ ജിതിൻ
പുള്ള് ആശ്വാസ കേന്ദ്രം ചാഴൂർ പഞ്ചായത്തിന്റെ അധീനതയിൽ അല്ല. ഈ വിഷയത്തിൽ റവന്യൂ വകുപ്പിന് പരാതി നൽകിയിരുന്നു. കെട്ടിടം തങ്ങളുടെ കൈവശമായിരുന്നെങ്കിൽ ഏതെങ്കിലും സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തി കേന്ദ്രം പുനർനിർമിക്കുമായിരുന്നു
ജ്യോതി കനകരാജ്
ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ്
ഇവിടെ ഹാൾ ഉപയോഗിക്കാൻ 200 രൂപ നിരക്കിൽ ചാഴൂർ പഞ്ചായത്താണ് നാട്ടുകാർ നിന്നും പണം ഈടാക്കുന്നത്. പഞ്ചായത്തിന്റെ കെട്ടിടമല്ലെങ്കിൽ ഇത്രയും വർഷം ജനങ്ങളിൽ നിന്നും വാടക ഈടാക്കിയത് എന്തിന്
നാട്ടുകാരുടെ ചോദ്യം.