ഒല്ലൂർ: കഴിഞ്ഞ പ്രളയത്തിലുണ്ടായ തകർച്ചയിൽ പുത്തൂർ മാന്ദാമംഗലം റൂട്ടിലെ വെട്ടുകാടിന് സമീപം റോഡ് തകർന്നതിനാൽ മലയോര മേഖലയായ മാന്ദാമംഗലം, മരോട്ടിച്ചാൽ മേഖല ഒറ്റപ്പെടുന്ന അവസ്ഥയിൽ. രണ്ട് ദിവസം മുമ്പ് പെയ്ത കനത്ത മഴയിൽ നിർമ്മാണത്തിലിരിക്കുന്ന എട്ടാം കല്ലിലെ റോഡ് തകർന്നതിനാൽ ഇതുവഴിയുമുള്ള ബസ് സർവീസ് നിറുത്തിവച്ചിരുന്നു.
പ്രളയത്തെ തുടർന്ന് ഈ മേഖലയിൽ കനത്ത മണ്ണിടിച്ചിൽ മൂലം റോഡ് തകർന്ന് ഗതാഗതം നിറുത്തിവയ്ക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം ഈ മേഖലയിലെ മണ്ണിടിച്ചിലിന് കാരണം സോയിൽ പൈപ്പിംഗ് ആണെന്ന് ബോദ്ധ്യപ്പെട്ടു. തുടർന്നും റോഡ് തകർച്ച നിയന്ത്രിക്കാൻ പല ഉപാധികളും അധികാരികൾ ചെയ്‌തെങ്കിലും മണ്ണ് ഇടിച്ചിൽ തുടർന്നു. പ്രളയത്തിന് ശേഷം ഇവിടെ നാലാം തവണയാണ് റോഡ് തകരുന്നത്. പ്രളയത്തിന് ശേഷം ഒരു മാസത്തോളം ഈ മേഖലയിൽ ബസ് ഗതാഗതം നിറുത്തിവയ്ക്കുകയും തുടർന്ന് ഭാഗികമായും ശേഷം പൂർണമായും ഗതാഗത സൗകര്യമുണ്ടാക്കുകയുമായിരുന്നു.
കനത്ത മഴ പെയ്താൽ റോഡ് തകരുമെന്ന അവസ്ഥയാണ് ഇവിടെയുള്ളത്. മണ്ണ് ഇടിയുന്ന സ്ഥലത്ത് ഇരുമ്പ് പാളികൾ ഉറപ്പിച്ച് നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സോയിൽ പൈപ്പിംഗ് മൂലം ഈ പാളികൾ പോലും ഇടിയുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. നിരന്തരം സംഭവിക്കുന്ന റോഡ് തകർച്ചയിലും ഗതാഗത സ്തംഭനത്തിലും മേഖലയിലെ വിദ്ധ്യാർത്ഥികളടക്കമുള്ള ജനങ്ങൾ ആശങ്കാകുലരാണ്. എന്നാൽ, സാങ്കേതിക വിദ്യകൾ വളരെ ഉയർന്നിട്ടും പ്രവൃത്തിപഥത്തിലെത്താത്തത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ജനങ്ങൾ പറയുന്നു.
സോയിൽ പൈപ്പിംഗ് എന്നാൽ
മലയോര മേഖലയിലും കുന്നിൻപ്രദേശങ്ങളിലും, കനത്ത മഴ പെയ്യുമ്പോൾ മഴവെള്ളവും മണ്ണും ഒരു കുഴലിലെന്ന പോലെ ഒരുമിച്ച് ഒലിച്ചു വരുന്നതാണ് സോയിൽ പൈപ്പിംഗ്. മൃദുവായ മൺഅടരുകളിലൂടെ വെള്ളം ഒലിച്ചിറങ്ങുമ്പോൾ വെള്ളം വരുന്ന വഴിയിലെ മണ്ണും ഒലിച്ചിറങ്ങും. ഇവിടെ ഉണ്ടാകുന്ന പൊള്ളയായ പ്രദേശത്തേക്ക് ചുറ്റുനിന്നുമുള്ള മണ്ണ് ഇടിഞ്ഞിറങ്ങുകയും ചെയ്യും. വെള്ളം വരുന്ന വഴി പുറമെ നിന്നു കാണാനാകാത്തതിനാൽ പെട്ടെന്നുള്ള പ്രതിവിധിയും പ്രായോഗികമല്ല.