ചാവക്കാട്: പൂക്കുളം പാർശ്വ ഭിത്തി കെട്ടി സംരക്ഷിക്കാൻ 44.48 ലക്ഷം രൂപയുടെ ടെൻഡർ കൗൺസിൽ യോഗം അംഗീകരിച്ചു. പ്ലാസ്റ്റിക് ഷ്രിഡിംഗ് യൂണിറ്റിന്റെ വൈദ്യുതീകരണത്തിന് തയ്യാറാക്കിയ 3.26 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി. 2019- 20 വാർഷിക പദ്ധതി ഭേദഗതി ചെയ്ത പദ്ധതികൾക്ക് സാമ്പത്തികാനുമതി നൽകാനും തീരുമാനിച്ചു.
നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കാൻ സ്‌പെഷ്യൽ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. പി.എം.എ.വൈ ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട 222 വീടുകളുടെ നിർമ്മാണത്തിന് വകയിരുത്തിയ ബഡ്ജറ്റ് വിഹിതത്തിന് പുറമെ അധികമായി നഗരസഭ വകയിരുത്തേണ്ട തുകയായ 3.34 കോടി രൂപ വായ്പാ മുഖേന കണ്ടെത്താനും തീരുമാനിച്ചു.
പുത്തൻ കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ആരംഭിച്ച ലൈബ്രറി തുറന്നു കൊടുക്കണമെന്ന് വാർഡ് കൗൺസിലർ പി.എ. നാസർ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് എൻ.യു.എൽ.എം പദ്ധതിയിൽ കഫേ സെന്റർ ആരംഭിക്കാൻ ബ്ലാങ്ങാട് ബീച്ചിലെ ഫിഷ് ലാൻഡിംഗ് സെന്റർ കെട്ടിടത്തിന്റെ വടക്കു ഭാഗത്തുള്ള രണ്ട് സ്റ്റാളുകൾ അനുവദിക്കാൻ തീരുമാനിച്ചു.
നഗരസഭാ അദ്ധ്യക്ഷൻ എൻ.കെ. അക്ബർ അദ്ധ്യക്ഷനായി. മഞ്ജു സുരേഷ്, കെ.എച്ച്. സലാം, പ്രതിപക്ഷ നേതാവ് കെ.കെ. കാർത്യായനി ടീച്ചർ, എ.സി. ആനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.