തൃശൂർ: യാത്രക്കാരനെ മർദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ കല്ലട ബസിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്തു. കളക്ടർ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കെ.എൽ 45 എച്ച്. 6132 എന്ന ബസിന്റെ പെർമിറ്റ് ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. ഇന്നലെ രാവിലെ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച ഫയലിൽ കല്ലട ഗ്രൂപ്പിന്റെ അഭിഭാഷകൻ ഹാജരായി വിശദീകരണം നൽകിയിരുന്നു. കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പെർമിറ്റ് റദ്ദാക്കാനാവില്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.

ഉടമയെ പ്രതി ചേർക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ കീഴ്‌ത്തലങ്ങളിലെ നടപടികളെയും കല്ലടയുടെ അഭിഭാഷകൻ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് വിശദമായ നിയമ പരിശോധനയ്ക്കായി ഫയൽ മാറ്റി. വൈകീട്ടോടെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള ആർ.ടി.എയുടെ തീരുമാനം. യോഗത്തിലേക്ക് കല്ലട ഗ്രൂപ്പ് ഉടമ സുരേഷ് കല്ലടയോടും ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. പകരം ഇവരുടെ അഭിഭാഷകൻ ഹരിഹരനാണ് ഹാജരായിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 21ന് തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ രണ്ട് യാത്രക്കാരെ കൊച്ചിയിൽ വെച്ച് മർദ്ദിച്ച് റോഡിലിറക്കി വിട്ട സംഭവത്തിലെ പരാതിയിലാണ് പെർമിറ്റ് റദ്ദാക്കുന്നത്.

നടപടികൾക്കായി എറണാകുളം ആർ.ടി.ഒ ബസ് രജിസ്റ്റർ ചെയ്ത ഇരിങ്ങാലക്കുട ആർ.ടി.ഒക്ക് വിട്ടെങ്കിലും കളക്ടർ ടി.വി അനുപമ അദ്ധ്യക്ഷയായ റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് വിടുകയായിരുന്നു. ഇതിനിടെ തമിഴ്‌നാട് സ്വദേശിനി യുവതിയെ മലപ്പുറത്ത് വെച്ച് ബസിൽ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവമുണ്ടായി. ഇതോടെയാണ് നേരത്തെ പെർമിറ്റ് റദ്ദാക്കാൻ നിർദ്ദേശിച്ച ശുപാർശയിൽ നടപടിയെടുക്കാത്തത് വിവാദമായത്. കളക്ടറുടെ ചേംബറിൽ കളക്ടർ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ, ആർ.ടി.ഒ, ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി.ഒ., റൂറൽ പൊലീസ് സൂപ്രണ്ട് എന്നിവരും പങ്കെടുത്തു.