മത്സ്യപരിശോധന കർശനമാക്കി

തൃശൂർ: ഓപറേഷൻ സാഗർ റാണി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങളുടെ പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് കർശനമാക്കി. ട്രെയിൻ, റോഡ് മാർഗം വരുന്ന മത്സ്യങ്ങൾ നിശ്ചിത പോയിന്റുകളിൽ വച്ച് പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും സഹകരണത്തോടെയാണ് പരിശോധിക്കുന്നത്. കഴിഞ്ഞ വർഷം ജില്ലയിൽ നിന്ന് ചെമ്മീൻ ഉൾപ്പെടെയുള്ള മീനുകളിൽ ഫോർമാലിൻ പോലുള്ള രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല, ഇത്തരം മീനുകൾ വീണ്ടും വിൽപ്പനയ്ക്കെത്തിയാൽ വിൽക്കുന്നയാളും വിതരണക്കാരനും നിയമത്തിനുള്ളിലാകുമെന്ന ബോധവത്കരണവും ഫലം കണ്ടുവെന്നാണ് പരിശോധനാഫലം വ്യക്തമാക്കുന്നത്.
ആന്ധ്ര, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും മത്സ്യങ്ങളെത്തുന്നത്. ട്രെയിനുകളിൽ എത്തിക്കുന്ന നാല് ദിവസം മുതൽ ഒരാഴ്ചയിലധികം പഴക്കമുള്ള മീനുകൾ കേടാകാതിരിക്കാൻ സാധാരണ ഫോർമാലിനും അമോണിയയും ഉപയോഗിക്കാറുണ്ട്. ഇന്നലെ ശക്തൻ മാർക്കറ്റിലേക്ക് വിൽപ്പനയ്ക്കായി ആന്ധ്രയിലെ നാന്ദിയാൽ, ഓങ്കോൾ എന്നിവിടങ്ങളിൽ നിന്നും ശബരി എക്‌സ്‌പ്രസിലെത്തിച്ച വാള, ഫിലോപ്പിയ എന്നീ മത്സ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. ഡിറ്റക്‌ഷൻ കിറ്റ് ഉപയോഗിച്ച് റെയിൽവേ ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെകൂടി സഹകരണത്തോടെ നടത്തിയ പരിശോധനയിൽ മത്സ്യങ്ങളിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇപ്പോൾ കൂടുതൽ മത്സ്യം തൃശൂരിലെത്തുന്നുണ്ട്. ഫുഡ് സേഫ്‌റ്റി അസി. കമ്മിഷണർ ജി. ജയശ്രീയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഓഫീസർ മാരായ വി. കെ. പ്രദീപ് കുമാർ, അനിലൻ കെ. കെ, രേഖ മോഹൻ, അർച്ചന, റെയിൽവേ ഫുഡ് സേഫ്റ്റി ഓഫീസർ സന്തോഷ്‌കുമാർ, ചീഫ് ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണ രാജ് എന്നിവർ പങ്കെടുത്തു.

പരിശോധന ഇവിടങ്ങളിൽ
തൃശൂർ റെയിൽവേ സ്റ്റേഷനു പുറമെ ശക്തൻമാർക്കറ്റ്, കുന്നംകുളം, വാടാനപ്പിള്ളി, ചാവക്കാട്, ഇരിങ്ങാലക്കുട, മൂന്നുപീടിക, മണ്ണുത്തി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ മത്സ്യമാർക്കറ്റുകൾ.


ജീവപര്യന്തം വരെ കുറ്റം
മത്സ്യങ്ങളിൽ ഫോർമാലിനും അമോണിയയും ചേർക്കുന്നത് ആറുമാസം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പനുസരിച്ചുള്ള കുറ്റമാണ്.

പരിശോധന തുടരും
രാസവസ്തുക്കൾ ചേർത്ത മത്സ്യങ്ങൾ ജില്ല കടന്നെത്താമെന്ന് രഹസ്യവിവരം ഉള്ളതിനാൽ വരും ദിവസങ്ങളിലും പരിശോധന തുടരും. വിൽപ്പനക്കാർ രാസവസ്തുക്കൾ ചേർന്ന മീനല്ല വിൽക്കുന്നതെന്ന് ഉറപ്പുവരുത്തണം- വി.കെ. പ്രദീപ്കുമാർ (ഫുഡ് സേഫ്റ്റി ഓഫീസർ, തൃശൂർ സർക്കിൾ)


പുതിയ മാർഗം ?

ഡിറ്റക്‌ഷൻ കിറ്റ് വഴിയുള്ള പരിശോധനയിൽ രക്ഷപ്പെടാൻ മത്സ്യം മാർക്കറ്റിലേക്കെത്തിക്കുന്ന സംഘങ്ങൾ പുതിയ മാർഗം സ്വീകരിച്ചോയെന്ന സംശയം ഉയർന്നിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ദിവസങ്ങൾ കഴിഞ്ഞെത്തുന്ന മത്സ്യം ഐസ് വഴി എത്രദിവസം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുമെന്ന സംശയമാണ് ഇതിനു കാരണം.