തൃശൂർ: മത്സ്യത്തൊഴിലാളികളുടെയും ഫിഷറീസ് അനുബന്ധ മേഖലയെ ആശ്രയിച്ചു കഴിയുന്നവരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താൻ പുതിയ ഫിഷറീസ് നയം രൂപീകരിക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി ആവശ്യപ്പെട്ടു. മത്സ്യ ബന്ധനം, വിപണനം തുടങ്ങി ഫിഷറീസ് മേഖലയെ ആശ്രയിച്ചു കഴിയുന്നവർ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 18 ശതമാനം മുതൽ 20 ശതമാനത്തോളം വരും. രാജ്യത്ത് ഏറ്റവും പരിതാപകരമായ ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന ഈ ജനവിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് പുതിയ ഫിഷറീസ് നയം അനിവാര്യമാണ്. സർക്കാർ അതിന് മുൻകൈ എടുക്കുമോ എന്ന് ചോദ്യോത്തര വേളയിൽ ടി.എൻ. പ്രതാപൻ ലോക്‌സഭയിൽ ചോദ്യമുന്നയിച്ചു.

ഫിഷറീസ് മേഖലയിലേക്ക് ഇതിനകം സർക്കാർ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗ് മറുപടിയായി പറഞ്ഞു. ആഴക്കടൽ ബന്ധനത്തിനുള്ള ബോട്ടുകൾ, മികച്ച സൗകര്യങ്ങളുള്ള ഹാർബറുകൾ എന്നിവ മത്സ്യ മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ കൊടുത്ത് ചെയ്ത പദ്ധതികളാണ്. പരമ്പരാഗത മത്സ്യ ബന്ധന മേഖലയ്ക്ക് ശ്രദ്ധ കൊടുത്തുകൊണ്ട് പ്രത്യേക യൂണിറ്റുകൾ ഒരുക്കാനും നീല വിപ്ലവത്തിന്റെ ഭാഗമായി മത്സ്യ സമ്പത്തിന്റെ വളർച്ചയ്ക്ക് വേണ്ട കാര്യങ്ങൾകൂടി മുഖവിലക്കെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.