തൃശൂർ: സംഗീത കൂട്ടായ്മയായ ഗീതം സംഗീതം കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 'ഇലഞ്ഞിപ്പൂമണം' സംഗീത സന്ധ്യ റീജ്യണൽ തിയറ്ററിൽ നടക്കും. 30ന് വൈകീട്ട് അഞ്ചിന് നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സി. രവീന്ദ്രനാഥ് ശ്രീകുമാരൻ തമ്പിയെ ആദരിക്കും. ശ്രീകുമാരൻ തമ്പിയുടെ പാട്ടുവഴിയിലൂടെ എന്ന വിഷയത്തിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തും.
ഗാനസന്ധ്യയിൽ കല്ലറ ഗോപൻ, എം.ഡി. സോമശേഖർ, എടപ്പാൾ വിശ്വനാഥൻ, റീന മുരളി, ഇന്ദുലേഖ വാരിയർ തുടങ്ങിയവർ മുപ്പതോളം ഗാനങ്ങൾ ആലപിക്കും. പത്രസമ്മേളനത്തിൽ വേദി ഭാരവാഹികളായ ആർ. ഗോപിമോഹൻ, എം.വി. ശങ്കരനുണ്ണി, സുകുമാരൻ ചിത്രസൗധം, എം. ഹരിദാസ് എന്നിവരും പങ്കെടുത്തു.