തൃശൂർ: സർക്കാരിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് രൂപം കൊണ്ട സംഘടനയായ നിഴൽ മന്ത്രിസഭയുടെ ഒന്നാം വാർഷികം 30ന് ഉച്ചകഴിഞ്ഞ് 3.30ന് സാഹിത്യ അക്കാഡമി ഹാളിൽ നടത്തുമെന്ന് ചെയർമാൻ ടി. ഗോപകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. വാർഷിക സമ്മേളനത്തിൽ സർക്കാരിന്റെ മൂന്നു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തും. കൈപ്പുസ്തകം പ്രകാശനം ചെയ്യും. ഏതാനും സന്നദ്ധ സംഘടനകൾ ചേർന്നാണ് കേരളത്തിൽ പൊതുവേദി എന്ന നിലയിൽ നിഴൽ മന്ത്രിസഭയ്ക്ക് രൂപം നൽകിയിരിക്കുന്നത്.
വാർഷിക സമ്മേളനം ഹൈക്കോടതി ജസ്റ്റിസ് എൻ. നാഗരേഷ് ഉദ്ഘാടനം ചെയ്യും. നിഴൽ മുഖ്യമന്ത്രി ആശ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിക്കും. നിഴൽ മന്ത്രിമാരായ സംഘടനയിൽ പ്രവർത്തിക്കുന്നവർ ഓരോ വകുപ്പിന്റെയും മൂന്നു വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. കെ. വേണു, മുൻ മേയർ കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ അനിൽ ജോസ്, ജോൺ ജോസഫ്, ജേക്കബ് പുതുശേരി എന്നിവരും പങ്കെടുത്തു.