ചാലക്കുടി: മലക്കപ്പാറ അടിച്ചിൽത്തൊട്ടി ആദിവാസി കോളനിയിൽ ശൈശവ വിഹാഹം നടന്നുവെന്ന പ്രചരണത്തെക്കുറിച്ച് അന്വേഷണം നടത്താൻ പൊലീസ് നടപടികൾ സ്വീകരിച്ചു. കോളനിയിലുള്ള പെൺകുട്ടിയുടെ മൊഴിയെടുക്കുന്നതിന് പൊലീസുകാർ അടിച്ചിൽത്തൊട്ടിയിലേക്ക് പോയി.

മലക്കപ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിലെ കാടൻപാറ കോളനിയിൽ പതിനാലുകാരിയായ പെൺകുട്ടിയുടെ വിവാഹനിശ്ചയം മാത്രം നടന്നുവെന്ന വിവരമാണ് ലഭിച്ചത്. കുട്ടിയുടെ പിതാവാണ് പൊലീസിനോട് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു ദിവസം മുമ്പ് കുട്ടി വീട്ടിൽ തിരിച്ചെത്തിയെന്നും ഇയാൾ പറഞ്ഞു. ചാലക്കുടി മേഖലയിലെ സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിച്ചിരുന്ന പെൺകുട്ടിയാണ് അമ്മ വീടായ കാടൻപാറയിലേക്ക് ഒരുമാസം മുമ്പ് പിതാവിന്റെ കൂടെ പോയത്. ഒമ്പതാം ക്ലാസിലേക്ക് ജയിച്ചിട്ടും കുട്ടി പോകാതിരുന്നത് പഠിക്കാൽ താത്പര്യമില്ലാത്തതിനാലാണെന്നും പിതാവ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

നേരത്തെ അമ്മ മരിച്ച കുട്ടിയെ കാടൻപാറ കോളനിയിലെ യുവാവിനെകൊണ്ട് വിവാഹം കഴിപ്പിച്ചുവെന്നാണ് പ്രചരണമുണ്ടായത്. എന്നാൽ ഇതുസംബന്ധിച്ച് മറ്റു വിവരങ്ങൾ പൊലീസിനോ ട്രൈബൽ ഡിപ്പാർട്ട്‌മെന്റിനോ കിട്ടിയിട്ടില്ല. തമിഴ്‌നാട്ടിലെ കോളനിയിൽ പോയി അന്വേഷണം നടത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ കീഴിലുള്ള ചൈൽഡ് ലൈൻ പ്രവർത്തകരാണ് രണ്ടാഴ്ച മുമ്പ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. മേലൂർ പൂലാനിയിലെ അനാഥാലയത്തിൽ ആദിവാസി കുട്ടികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണത്തിന് എത്തിയപ്പോഴായിരുന്നു ആദിവാസി ഊരിൽ ശൈശവ വിവാഹം നടന്നുവെന്ന് വാക്കാൽ വിവരം കിട്ടിയത്.

എന്നാൽ അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിക്കാനായില്ലെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം അഡ്വ. കെ. സുനിൽകുമാർ പറഞ്ഞു. ഊരുകളിൽ അടിയന്തരമായി ബോധവത്കരണ ക്ലാസുകൾ നടത്താൻ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേർത്ത വിവിധ വകുപ്പു ഉദ്യോഗസ്ഥരുടെ യോഗവും തീരുമാനമെടുത്തു. ലീഗൽ സർവീസസ് അതോറിറ്റി, സാമൂഹിക നീതി ക്ഷേമ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ എല്ലാ ആദിവാസി ഊരുകളിലും ബോധവത്കരണം നടത്താനാണ് അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. ടി.ഡി.ഒ സന്തോഷും യോഗത്തിൽ സംബന്ധിച്ചു.