ചാഴൂർ: 39 കുടുംബങ്ങൾക്ക് പ്രളയ സഹായമായ 10,000 രൂപ പോലും കിട്ടാതെ വന്നപ്പോൾ വില്ലേജ് ഓഫീസറെ തേടി വീട്ടമ്മമാരും നാട്ടുകാരുമെത്തി. പുള്ള് വില്ലേജ് ഓഫീസിലേക്കാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. ചാഴൂർ പഞ്ചായത്തിലെ 39 കുടുംബങ്ങൾക്ക് പ്രളയ സഹായമായ 10,000 രൂപ വരെ കിട്ടിയില്ലെന്ന് ആരോപിച്ചാണ് പുള്ള് വില്ലേജ് ഓഫീസിലേക്ക് നാട്ടുകാർ കൂട്ടത്തോടെയെത്തിയത്.
പുള്ള് വില്ലേജിൽ പെടുന്ന പ്രദേശത്താകെയുള്ള 340 വീടുകളിൽ 320 ഓളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ടെന്നാണ് കണക്ക്. വില്ലേജ് ഓഫീസർക്ക് പല തവണ പരാതി നൽകിയിട്ടും നടപടിയില്ലാതെ ഗതി കെട്ടിട്ടാണ് തങ്ങൾ നേരിൽ കണ്ട് മറുപടി പറയിപ്പിക്കാൻ ഓഫീസിൽ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ വില്ലേജ് ഓഫീസർ മറ്റൊരു ചടങ്ങിൽ പങ്കെടുക്കാൻ പോയതിനാൽ ഓഫീസിന്റെ ചുമതലയുള്ള ജീവനക്കാരനുമായി ജനങ്ങൾ തർക്കത്തിലായി. എന്നാൽ അദേഹത്തിന്റെ മറുപടിയിൽ ജനങ്ങൾ തൃപ്തരായില്ല.
വീണ്ടുമൊരു മഴക്കാലമെത്തിയതോടെ ഇപ്പോഴും താമസ യോഗ്യമല്ലാത്ത വീട്ടിൽ നിന്നോടിയെത്തിയവരാണ് അധികവും. 10,000 രൂപ ലഭിക്കാത്തതിനാൽ കുടുംബശ്രീ മുഖേനയോ, മറ്റു സഹായങ്ങൾക്കോ അർഹരല്ല എന്നു പറഞ്ഞ് ഇവരെ ഒഴിവാക്കുന്നതായാണ് പരാതി. വെള്ളം കയറിയിട്ടും, ഒരു രൂപ പോലും ധനസഹായം ലഭിക്കാത്തതും, കാലവർഷം ഏതു നിമിഷവും കലിതുള്ളി പെയ്യാമെന്നതിനാലും ഇനിയും വിളിപ്പാടകലെയുള്ള ധനസഹായത്തിന് കാത്തിരിക്കുകയാണ് ഒരു കൂട്ടം ജനങ്ങൾ.
................................................
ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ച വെള്ളം കയറാത്ത പ്രദേശത്തെ പലർക്കും അനധികൃതമായി നല്ലൊരു തുക ധനസഹായമായി നൽകിയിട്ടുണ്ട്.
തങ്ങൾക്ക് അർഹമായ ആശ്വാസ ധനം ലഭിച്ചില്ലെങ്കിൽ നിരാഹാരം അടക്കമുള്ള പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കും.
- പ്രളയദുരിതം അനുഭവിക്കുന്നവർ
പ്രളയ സമയത്ത് ധന സഹായത്തിന് അർഹരായവരുടെ ലിസ്റ്റ് നൽകിയതിൽ വില്ലേജ് അധികൃതരുടെ ഭാഗത്തു നിന്നും പാക പിഴകൾ ഉണ്ടായിട്ടുണ്ടാകാം. അനർഹർ ധനസഹായം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ പരാതി നൽകിയാൽ നൽകിയ തുക തിരിച്ചു പിടിക്കാൻ വ്യവസ്ഥയുണ്ട്.
- പുള്ള് വില്ലേജ് അധികൃതർ