രണ്ട് ദിവസത്തിനുള്ളിൽ 5048 അപേക്ഷ

തൃശൂർ: പ്രളയത്തിൽ വീടുകൾക്ക് സംഭവിച്ച കേടുപാടുകൾക്കുള്ള നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ കളക്ടറേറ്റിൽ വൻ തിരക്ക്. രണ്ട് ദിവസത്തിനുള്ളിൽ ജില്ലയിൽ നിന്നും 5048 അപ്പീൽ അപേക്ഷകളാണ് എത്തിയത്. 25ന് 1200 അപ്പീലുകളും ഇന്നലെ 3848 അപ്പീലുകളുമാണ് സ്വീകരിച്ചത്.
നഷ്ടപരിഹാരത്തിനുള്ള അപ്പീൽ 30 വരെയാണ് കളക്ടറേറ്റിൽ സ്വീകരിക്കുക. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ സൗകര്യം. കളക്ടറേറ്റിന് പുറത്ത് അപേക്ഷകൾ തയ്യാറാക്കുന്നവർക്ക് ഇത് കൊയ്ത്തുകാലമായി. ഒരോ അപേക്ഷ തയ്യാറാക്കുന്നതിനും 20 രൂപയാണ് വാങ്ങുന്നത്.

പത്ത് കൗണ്ടറുകൾ
അപേക്ഷകരുടെ സൗകര്യാർത്ഥം കളക്ടറേറ്റിൽ പ്രത്യേകം തയ്യാറാക്കിയ പത്ത് കൗണ്ടറുകൾ വഴിയാണ് ജില്ലയിൽ ഏഴ് താലൂക്കുകളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്. സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിലാണ് പത്ത് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. കൗണ്ടറുകളിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.

അപേക്ഷ ഇങ്ങനെ
അപേക്ഷകന്റെ മേൽവിലാസം, പ്രളയത്തിൽ വീടിനുണ്ടായ കേടുപാടുകളുടെ വിശദാംശങ്ങൾ, വില്ലേജിന്റെ പേര് എന്നിവ ഉൾപ്പെടുത്തി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ കോപ്പികൾ സഹിതമാണ് സമർപ്പിക്കേണ്ടത്. വീട്ടുടമസ്ഥന് നേരിട്ടോ റേഷൻ കാർഡിൽ പേരുള്ളവർക്കോ അപേക്ഷ സമർപ്പിക്കാനാകും. സർക്കാർ നിർദ്ദേശപ്രകാരം മുൻപ് നഷ്ടപരിഹാരത്തിന് അപേക്ഷിച്ചവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല. ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം അപേക്ഷകൾ സ്വീകരിക്കില്ല.