തൃശൂർ: കാർട്ടൂൺ പുരസ്‌കാര വിവാദത്തിൽ കേരള ലളിതകലാ അക്കാഡമി ഒടുവിൽ സർക്കാർ സമ്മർദ്ദത്തിന് വഴങ്ങി. വിവാദ കാർട്ടൂണിന് പുരസ്‌കാരം നൽകിയത് പുനഃപരിശോധിക്കാൻ ജനറൽ കൗൺസിലും സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തി അക്കാഡമി നിർവാഹകസമിതി യോഗവും ഉടൻ ചേരും. ഇതുസംബന്ധിച്ച് സംസ്‌കാരിക മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും കത്ത് നൽകിയെന്ന് സെക്രട്ടറി പൊന്ന്യം ചന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു.
തീരുമാനങ്ങൾ ഉലക്കയല്ല. വിവാദങ്ങൾ ഉണ്ടാകുമ്പോൾ പുനഃപരിശോധിക്കണം. അക്കാഡമി സ്വതന്ത്ര ചുമതയുള്ള സ്ഥാപനമാണെങ്കിലും സർക്കാരിന്റെ നിയന്ത്രണത്തിലാണ്. അവാർഡിന് അർഹമായ കാർട്ടൂൺ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണമുള്ളതിനാൽ നിർവ്വാഹക സമിതിക്ക് പുറമെ വിദഗ്ദ്ധരായ കാർട്ടൂണിസ്റ്റുകളേയും സർക്കാർ പ്രതിനിധിയെയും ഉൾപ്പെടുത്തി പുതിയ സമിതിയെ പുനഃപരിശോധനയ്ക്കായി നിയോഗിക്കുന്നതാണ് ഉചിതമെന്നാണ് അക്കാഡമിക്ക് ലഭിച്ച നിയമോപദേശമെന്നും പൊന്ന്യം ചന്ദ്രൻ പറഞ്ഞു.
അതേസമയം, ജൂൺ 17ന് നിർവാഹ സമിതി എടുത്ത തീരുമാനത്തിനപ്പുറം പുതിയതൊന്നും ഉണ്ടായിട്ടില്ലെന്ന് ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു. ജൂറി തീരുമാനത്തെ മാനിക്കുന്നു. ആരുടെയെങ്കിലും അവകാശങ്ങളെയോ വിശ്വാസങ്ങളെയോ ലംഘിക്കുന്നുണ്ടോയെന്ന് നിയമവിദഗ്ദ്ധരുമായി ചർച്ച ചെയ്യുമെന്നുമായിരുന്നു അന്നത്തെ തീരുമാനം. അതിനപ്പുറം ഒന്നുമില്ല. ഇക്കാര്യം വ്യക്തമാക്കിയ കത്തുമാത്രമേ സർക്കാരിന് നൽകിയിട്ടുള്ളൂവെന്നും നേമം പുഷ്പരാജ് പറഞ്ഞു. വിവാദം തുടരുന്നതിനാൽ ആഗസ്റ്റിലെ അവാർഡ് ദാനം നീട്ടിവെച്ചേക്കും.