തൃശൂർ: പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ തൃശൂർ ടൗൺ ഹാളിൽ കലാനിലയത്തിന്റെ വേദിയിലിരുന്ന് മന്ത്രിക്ക് എഴുതി നൽകിയ നിവേദനം ഫലം കണ്ടു. അംഗവൈകല്യമുള്ളവർക്കും വീൽ ചെയറിൽ കഴിയുന്നവർക്കും ജോൺ പോളിനെപ്പോലെ ശരീരഭാരമുള്ളവർക്കും എളുപ്പം പ്രവേശിക്കാൻ വൈകാതെ തൃശൂർ ടൗൺ ഹാളിൽ റാമ്പ് നിർമ്മിക്കും. റാമ്പ് നിർമ്മാണത്തിന് സർക്കാർ മൂന്ന് ലക്ഷം രൂപ അനുവദിച്ചു. എസ്റ്റിമേറ്റും ടെൻഡറുമായി. ജില്ലാ കളക്ടർ ടി.വി. അനുപമയാണ് ഇക്കാര്യം ജോൺ പോളിനെ കത്തിലൂടെ അറിയിച്ചത്. തന്റെ നിവേദനം ഫലം കണ്ടതിലുള്ള സന്തോഷം ജോൺ പോൾ ഫേസ് ബുക്കിലൂടെയാണ് പുറം ലോകത്തെ അറിയിച്ചത്.

കഴിഞ്ഞ വർഷമാണ് ജോൺപോൾ വളരെ ഉയരത്തിലുള്ള ടൗൺ ഹാളിലേക്ക് പടവുകൾ കയറി വരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കലാനിലയം കൃഷ്ണൻനായർ ഫൗണ്ടേഷൻ കഴിഞ്ഞ വർഷം നടത്തിയ നാടകോത്സവത്തിന്റെ ഡയറക്ടറായിരുന്നു ജോൺ പോൾ. പ്രളയബാധിതരായ കലാകാരന്മാരെ സഹായിക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് കലാനിലയം അനന്തപദ്മനാഭന്റെ നേതൃത്വത്തിൽ പത്തു ദിവസത്തെ നാടകോത്സവം ഒരുക്കിയത്. നാടകോത്സവത്തിന്റെ ഡയറക്ടറായ ജോൺപോളിനും ഭിന്നശേഷിക്കാരായ പ്രേക്ഷകർക്കും വളരെ ഉയരമുള്ള തൃശൂർ ടൗൺ ഹാളിലേക്കു പ്രവേശിക്കാൻ കലാനിലയം താത്കാലിക റാമ്പ് സജ്ജമാക്കിയിരുന്നു.
ടൗൺ ഹാളിന് സ്ഥിരം റാമ്പ് നിർമ്മിക്കണമെന്ന് നാടകോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കാനെത്തിയ മന്ത്രി വി.എസ്. സുനിൽകുമാറിനോട് ജോൺ പോൾ ആവശ്യപ്പെടുകയായിരുന്നു. പ്രസംഗത്തിലും ആവശ്യം ആവർത്തിച്ചെന്നു മാത്രമല്ല, വേദിയിൽ ഇരുന്ന് ഒരു നിവേദനം എഴുതി മന്ത്രിക്കു നൽകുകയും ചെയ്തു. ഉദ്ഘാടനം കഴിഞ്ഞ് വേദി വിട്ടിറങ്ങിയ മന്ത്രി സുനിൽകുമാർ റാമ്പ് നിർമിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു.