തൃശൂർ: കേരളവർമ്മ കോളേജിൽ അയ്യപ്പസ്വാമിയെ അവഹേളിച്ച് ബോർഡ് സ്ഥാപിച്ച എസ്.എഫ്.ഐ നേതാക്കൾക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കാൻ തൃശൂർ ചീഫ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനീഷ്‌കുമാർ പരാതിക്കാരനായി അഡ്വ. കെ.ആർ. ഹരി മുഖാന്തിരം നൽകിയ ഹർജ്ജിയിലാണ് ഉത്തരവ്. സിറ്റി പൊലീസ് കമ്മിഷണർക്കും വെസ്റ്റ് സി.ഐക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയിൽ ഹർജി നൽകിയത്.
ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സൻ മുബാറക്, യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്, യൂണിറ്റ് പ്രസിഡന്റ് നന്ദന .ആർ, യൂണിയൻ ചെയർമാൻ യദുകൃഷ്ണ വി.എസ് എന്നിവർക്കെതിരെയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. ആർത്തവ രക്തത്തോടൊപ്പം തലകീഴായി ഒലിച്ചിറങ്ങുന്ന അയ്യപ്പ സ്വാമിയുടെ ചിത്രം പ്രദർശിപ്പിച്ചത് അത്യന്തം പ്രകോപനപരവും ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്നതുമാണെന്ന് പരാതിയിൽ പറയുന്നു.