council
ചാലക്കുടി നഗരസഭാ കാര്യാലയത്തിന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിക്കുന്നു.

ചാലക്കുടി: യോഗം മാറ്റിവച്ച വിവരം അറിയിച്ചില്ലെന്ന് ആരോപിച്ച് ചാലക്കുടി നഗരസഭാ കൗൺസിൽ ഹാളിലെത്തിയ പ്രതിപക്ഷം പ്രതിഷേധിച്ചു. തിങ്കളാഴ്ചയിലെ യോഗത്തിൽ ബാക്കിവച്ച അജണ്ട ചർച്ച ചെയ്യാൻ ബുധനാഴ്ച വീണ്ടും യോഗം ചേരുമെന്ന് ചെയർപേഴ്‌സൺ അറിയിച്ചിരുന്നു. ഇതു പ്രകാരം ഹാളിലെത്തിയ യു.ഡി.എഫ് അംഗങ്ങളാണ് യോഗം നീട്ടിവച്ചെന്ന വിവരമറിഞ്ഞ് പ്രതിഷേധിച്ചത്. എന്നാൽ യോഗം മാറ്റിവച്ച കാര്യം കൗൺസിലർ ഷിബുവാലപ്പനെ അറിയിച്ചെന്നാണ് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ പറയുന്നത്. മറ്റൊരു അജണ്ട കൂടി ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് ഫോൺമുഖേന വിളിച്ച ഷിബുവാലപ്പനോട് അതു സാധ്യമല്ലെന്നും യോഗം വ്യാഴാഴ്ച നടത്തുമെന്ന് പറഞ്ഞുവെന്നാണ് ചെയർപേഴ്‌സന്റെ വിശദീകരണം. കൗൺസിൽ ഹാളിലെത്തിയ പ്രതിപക്ഷം ഏറെ നേരം കാത്തിരുന്ന ശേഷമാണ് ബഹളം വച്ചത്. പിന്നീട് വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ ഹാളിലെത്തി അംഗങ്ങളുമായി സംസാരിച്ചു. എന്നാൽ അനുരഞ്ജനത്തിന് തയ്യാറല്ലാത്ത പ്രതിപക്ഷം പിന്നീട് ഓഫീസിന് മുന്നിലെത്തിയും പ്രതിഷേധിച്ചു. പ്രതിഷേധ യോഗം പാർലിമെന്ററി പാർട്ടി നേതാവ് വി.ഒ. പൈലപ്പൻ ഉദ്ഘാടനം ചെയ്തു.